Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (16:05 IST)
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ ഓണച്ചിത്രം ‘ഒപ്പം’ റെക്കോര്‍ഡ് കളക്ഷനുമായി കുതിക്കുന്നു. കേരളത്തില്‍ നിന്നുമാത്രം 11 ദിവസങ്ങള്‍ കൊണ്ട് 20.62 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പ്രേമം 14 ദിവസങ്ങള്‍ കൊണ്ടാണ് 20 കോടി കടന്നത്.
ഒപ്പത്തിന്‍റെ ഈ കുതിപ്പ് സമീപകാലത്തൊന്നും നില്‍ക്കില്ലെന്ന സൂചനയാണ് നിറഞ്ഞുകവിയുന്ന തിയേറ്ററുകള്‍ നല്‍കുന്നത്. വെറും 6.8 കോടി ബജറ്റില്‍ നിര്‍മ്മിച്ച ഈ സിനിമ കോടികളുടെ ലാഭമാണ് നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂരിന് നേടിക്കൊടുത്തിരിക്കുന്നത്.
സാധാരണയായി വാരാന്ത്യങ്ങളിലാണ് തിയേറ്ററുകള്‍ ജനസമുദ്രങ്ങളാകുന്നത്. എന്നാല്‍ വര്‍ക്കിംഗ് ഡേകളിലും ഒപ്പം കളിക്കുന്ന തിയേറ്ററുകളില്‍ നിന്ന് ആയിരങ്ങളാണ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത്. മിക്ക സെന്‍ററുകളിലും സെക്കന്‍റ് ഷോയ്ക്ക് ശേഷവും അഡീഷണല്‍ ഷോകള്‍ തുടര്‍ക്കഥയായിട്ടുണ്ട്.
രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ചെന്നൈ ബോക്സോഫീസിലും വന്‍ കുതിപ്പാണ് ഒപ്പം നടത്തുന്നത്. പ്രേമം പോലെ തന്നെ ഒപ്പവും ചെന്നൈയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ചിത്രം കണ്ട് ആവേശം കയറിയ കമല്‍ഹാസന്‍ ഒപ്പത്തിന്‍റെ തമിഴ് റീമേക്കില്‍ നായകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകഴിഞ്ഞു.
ഹിന്ദിയില്‍ ആമിര്‍ഖാനോ അക്ഷയ്കുമാറോ ഒപ്പം റീമേക്കില്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പ്രിയദര്‍ശന്‍ ഉടന്‍ തന്നെ അന്തിമതീരുമാനമെടുക്കുമെന്നാണ് വിവരം.