മോഹന്‍ലാലിന്റെ നായികയായി അമല പോള്‍ വന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ അതൊരു വമ്പന്‍ ആഘോഷമാക്കി. ‘റണ്‍ ബേബി റണ്‍’ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രശസ്തി നേടിയ ആകാശത്തിന്റെ നിറത്തിലും അമല പോള്‍ ആയിരുന്നു നായിക. അമല പോള്‍ വീണ്ടും മലയാള സിനിമയില്‍ നായികയാകുകയാണ്. ഇക്കുറി ജനപ്രിയനായകന് ദിലീപിന്റെ നായികയായാണ് എത്തുന്നത്.
വിഖ്യാത സംവിധായകന് ആര് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘മനോരഥം’ എന്ന ചിത്രത്തിലാണ് ദിലീപിന്റെ നായികയായി അമല വരുന്നത്. ഈ സിനിമയില്‍ രണ്ട് നായികമാരാണുള്ളത്. രണ്ടാമത്തെ നായിക ആരെന്ന് തീരുമാനിച്ചിട്ടില്ല.
ഇപ്പോള്‍ ‘സൌണ്ട് തോമ’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദിലീപ് അതിന് ശേഷം തെലുങ്ക് ചിത്രമായ ‘ഭഗവാന് സത്യസായി’യില്‍ ജോയിന്‍ ചെയ്യും. ആ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം ‘മനോരഥം’ തുടങ്ങും.
ഒരു കല്പ്പണിക്കാരന്, താന്‍ പോലുമറിയാതെ ചാര്‍ളി ചാപ്ലിന്റെ വിവിധ വൈകാരിക ഭാവങ്ങളിലേക്ക് മാറ്റപ്പെടുന്നതാണ് ‘മനോരഥ’ത്തിന്റെ പ്രമേയം. ചഞ്ചലചിത്തനായ കല്പ്പണിക്കാരനായാണ് ദിലീപ് വേഷമിടുന്നത്. ചാപ്ലിന്റെ തമാശ, ചിരി, കണ്ണീര്, ക്ഷോഭം, നിസഹായത, ദയനീയത എല്ലാം കല്പ്പണിക്കാരനിലേക്ക് സന്നിവേശിക്കുകയാണ്.
പാദമുദ്ര, രാജശില്‍പ്പി, യുഗപുരുഷന് തുടങ്ങിയ വമ്പന്‍ സിനിമകളൊരുക്കിയ ആര് സുകുമാരന്‍ ബിഗ് ബജറ്റിലാണ് ‘മനോരഥം’ ഒരുക്കുന്നത്. രാമചന്ദ്രബാബുവാണ് ചിത്രത്തിന്റെ ക്യാമറ. അമ്പലക്കര ഫിലിംസാണ് നിര്‍മ്മാണം. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.