മലയാളത്തിന്‍റെ താരറാണിമാര്‍ മലയാള സിനിമയിലേക്ക് മടങ്ങിയത്തിയത് ഒരേ ദിവസം. അതെ, കാവ്യാ മാധവനും മീരാ ജാസ്മിനും നീണ്ട ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച മലയാളത്തില്‍ തിരിച്ചെത്തി. ഇരുവരുടെയും പുതിയ സിനിമയുടെ പൂജയായിരുനു ബുധനാഴ്ച.
ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ജോഷിച്ചിത്രത്തിലൂടെയാണ് കാവ്യാ മാധവന്‍ തിരികെ വരുന്നത്. മീരയാകട്ടെ, രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ‘പാട്ടിന്‍റെ പാലാഴി’ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തുന്നു. മടങ്ങിവരവ് ചിത്രത്തില്‍ കാവ്യയ്ക്ക് നായകന്‍ മോഹന്‍ലാലാണെങ്കില്‍ മീരയ്ക്ക് സംഗീതമാണ് നായകന്‍. അതേ, സംഗീതപ്രധാനമായ പാട്ടിന്‍റെ പാലാഴിയില്‍ സംഗീതത്തെ പ്രണയിക്കുന്ന കഥാപാത്രമായാണ് മീര വേഷമിടുന്നത്.
“ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നു. ഭാവിയെക്കുറിച്ചുള്ള മറ്റ് തീരുമാനങ്ങള്‍ എന്തൊക്കെയാണെന്ന് വഴിയേ അറിയിക്കാം.” - കൊച്ചിയില്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ പൂജയ്ക്കെത്തിയ കാവ്യ പറഞ്ഞു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന കാവ്യ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് തിരിച്ചുവരവ് നടത്തുന്നത്.
“സംഗീതപ്രധാനമായ ഒരു ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവ് നടത്താന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. മലയാളത്തിലേക്ക് വീണ്ടും എത്തുമ്പോള്‍ കാമ്പുള്ള ഒരു കഥാപാത്രമായിരിക്കണം എന്നായിരുന്നു ആഗ്രഹം. അതു സാധിച്ചു.” - തിരുവനന്തപുരത്ത് ‘പാട്ടിന്‍റെ പാലാഴി’യുടെ പൂജയ്ക്കെത്തിയ മീരാ ജാസ്മിന്‍ പറഞ്ഞു. താരസംഘടനയായ ‘അമ്മ’ നിര്‍മ്മിച്ച ട്വന്‍റി20യില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതോടെ മീരയ്ക്കെതിരെ ഒരു അപ്രഖ്യാപിത വിലക്ക് നിലനിന്നിരുന്നു. എന്തായാലും വിലക്ക് നീങ്ങി മീര വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്.
രേവതി, മനോജ് കെ ജയന്‍, ജഗതി തുടങ്ങിയവരാണ് പാട്ടിന്‍റെ പാലാഴിയിലെ മറ്റ് താരങ്ങള്‍. അഴകപ്പന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം കുടക്, ചെന്നൈ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും.