ജനിക്കുന്നെങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ ആയി ജനിക്കണമെന്ന് വിവാഹപ്രായമെത്തിയ യുവാക്കള്‍ക്ക് തോന്നാം. കാരണം, തെലുങ്കിലെ മുന്‍നിര നായകനായ ജൂനിയര്‍ എന്‍ടിആറിന് സ്ത്രീധനമായി ലഭിക്കാന്‍ പോകുന്നത് അഞ്ഞൂറ് കോടി രൂപായാണ്. പണമായും വീടുകളായും ഇടങ്ങളായും ബിസിനസ് സ്ഥാപനങ്ങളായും ഓഹരികളായും ഈ റെക്കോഡ് സ്ത്രീധനം ജൂനിയര്‍ എന്‍ടിആറിന് സമ്മാനിക്കുന്നത് ആരാണെന്നല്ലേ? മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ബന്ധുവും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ നര്‍ണേ ശ്രീനിവാസ റാവുവാണ് കക്ഷി.
ശ്രീനിവാസന്റെ മകളും പതിനേഴുവയസുകാരിയുമായ ലക്ഷ്മി പ്രണതിയാണ് ജൂനിയര്‍ എന്‍ടിആറിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പതിനേഴുകാരിയെ വിവാഹം ചെയ്താല്‍ ബാല്യവിവാഹം ആവില്ലേ എന്ന് ആരെങ്കിലും ചോദിക്കുന്നുവെങ്കില്‍ തെറ്റി. ജൂണ്‍ മാസം ആകുന്നതോടെ ലക്ഷ്മിക്ക് പതിനെട്ട് തികയും. ഇപ്പോള്‍ നടക്കുന്നത് വിവാഹനിശ്ചയം മാത്രമാണ്. ഏപ്രില്‍ ഒന്നാം തീയതിയാണ് വിവാഹനിശ്ചയം. ജൂണ്‍ കഴിഞ്ഞേ വിവാഹം ഉണ്ടാവുകയുള്ളൂ.
തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകനും പഴയ സൂപ്പര്‍താരവുമായ എന്‍ടിആറിന്റെ മകന്റെ മകനായ ജൂനിയര്‍ എന്‍ടിആറിന്റെ ശരിക്കുള്ള പേര് ‘താരക രാമറാവു’ എന്നാണ്. മുത്തച്ഛന്റെ കൂടെ ‘ബ്രഹ്മര്‍ഷി വിശ്വാമിത്ര’ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ജൂനിയര്‍ എന്‍ടിആര്‍ സിനിമയില്‍ സജീവമാകുന്നത്. ‘നിന്നു ചൂഡാലനി’ എന്ന സിനിമയിലൂടെ നായകനുമായി. നയന്‍താര നായികയായി അഭിനയിച്ച ‘അദൂര്‍സ്’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയാണ് ജൂനിയര്‍ അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
ഇരുപത്തിയാറുകാരനായ ഈ യുവതാരത്തിന് വന്‍ ആരാധകവൃന്ദമാണ് ആന്ധ്രയിലുള്ളത്. സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് എന്നൊക്കെ വാദിക്കുന്ന തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകന്റെ പൌത്രന്‍ ഇത്ര വലിയ തുക സ്ത്രീധനം വാങ്ങുന്നതിനെ മറ്റ് പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ താനൊന്നും ചോദിച്ചിട്ടില്ലെന്നും ഒരച്ഛന്‍ മകള്‍ക്ക് കൊടുക്കുന്ന സമ്മാനം വേണ്ടെന്ന് പറയാന്‍ തനിക്കാകില്ലെന്നുമാണ് ജൂനിയര്‍ എന്‍ടിആര്‍ പറയുന്നത്. എന്തായാലും ആന്ധ്രയിലെ റെക്കോഡ് സ്ത്രീധനത്തുകയാണെത്രെ ജൂനിയറിന് ലഭിക്കാന്‍ പോകുന്ന 500 കോടി!