കൊമാല സിനിമയാകുന്നു; ലാലും ശ്രീനിയും താരങ്ങള്‍

PROPRO
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ബ്രേക്കിംഗ് ന്യൂസ് എന്ന് പേരിട്ടു. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ വ്യത്യസ്തമായ പ്രമേയം കൊണ്ട് ശ്രദ്ധേയമായേക്കാവുന്ന ചിത്രമാണ്. മോഹന്‍ലാല്‍ ഒരു റിയാലിറ്റി ഷോയുടെ അവതാരകനായാണ് അഭിനയിക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ‘കൊമാല’ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ സിനിമയൊരുക്കുന്നത്.

കഥ കേട്ടപ്പോള്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയായിരുന്നു. ഈ സിനിമയിലെ നായകന്‍ പക്ഷേ, മോഹന്‍ലാലല്ല. ശ്രീനിവാസനാണ് നായക വേഷത്തില്‍ എത്തുന്നത്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, ബിജുമേനോന്‍, ഇന്നസെന്‍റ്‌ തുടങ്ങിയവരും അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. എങ്കിലും ജ്യോതിര്‍മയി നായികയാകുമെന്നാണ് സൂചന. മണിയന്‍‌പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രീനിവാസന്‍ ഒരു കര്‍ഷകനായാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കൃഷിനാശവും കടക്കെണിയും കാരണം ആത്മഹത്യ ചെയ്യാന്‍ ശ്രീനിയും കുടുംബവും തീരുമാനിക്കുന്നു. മറ്റ് ഗതിയില്ലാതെ തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഒരു ബോര്‍ഡെഴുതി ഇവര്‍ വീടിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വിഷയം ഒരു സ്വകാര്യ ചാനല്‍ ഏറ്റെടുക്കുന്നു. അവര്‍ ഇതൊരു റിയാലിറ്റി ഷോയായി അവതരിപ്പിക്കുകയാണ്. ചര്‍ച്ചകളും അന്വേഷണങ്ങളും എസ് എം എസുമൊക്കെയായി ഒരു കര്‍ഷന്‍റെ ആത്മഹത്യ എന്ന റിയാലിറ്റി ഷോ പുരോഗമിക്കുന്നു.

കറുത്ത ഹാസ്യമാണ് ബ്രേക്കിംഗ് ന്യൂസ് എന്ന ഈ സിനിമയുടെ മുഖമുദ്ര. ടി കെ രാജീവ് കുമാറും ഏഷ്യാനെറ്റിലെ ന്യൂസ് റീഡറായ വേണുവും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. മണിയന്‍‌പിള്ളരാജു നിര്‍മ്മിച്ച കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയുടെ സംവിധായകനും രാജീവ് കുമാറായിരുന്നു.

ലോ ബജറ്റിലാണ് ബ്രേക്കിംഗ് ന്യൂസ് ഒരുക്കുന്നത്. എങ്കിലും സാങ്കേതികത്തികവില്‍ ഒരു ഒത്തുതീര്‍പ്പിനും അണിയറപ്രവര്‍ത്തകര്‍ തയ്യാറല്ല. രവിവര്‍മ്മനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിതുരയാണ് പ്രധാന ലൊക്കേഷന്‍.

WEBDUNIA| Last Modified ചൊവ്വ, 17 മാര്‍ച്ച് 2009 (13:27 IST)
പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നിവയാണ് മോഹന്‍ലാലിനെ നായകനാക്കി രാജീവ്കുമാര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :