ഓണം ചാനലുകള്‍ വിഴുങ്ങി!

PROPRO
ഇത്തവണ ഓണച്ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകളില്‍ തിരക്ക്‌ കുറവായിരുന്നു. സൂപ്പര്‍താരങ്ങള്‍ രണ്ടു പേര്‍ക്കും ഓണച്ചിത്രം ഇല്ലാത്തത്‌ മാത്രമായിരുന്നില്ല കാരണം. ഓണ അവധിക്ക്‌ തിയേറ്ററുകളിലേക്ക്‌ പോകാന്‍ തുനിയുന്നവര്‍ ടെലിവിഷന്‌ മുന്നില്‍ കുടുങ്ങി പോകുകയായിരുന്നു.

പോയവര്‍ഷങ്ങളിലെ ഏറ്റവും പുതിയ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ്‌ ടെലിവിഷന്‍ ചാനലുകള്‍ ഒന്നിനൊന്ന്‌ മത്സരിച്ച്‌ ഓണത്തിന് പ്രദര്‍ശിപ്പിച്ചത്‌.

രസതന്ത്രം, പ്രജാപതി, ക്ലാസ്‌മേറ്റ്‌സ്‌, ആനചന്തം, ബല്‍റാം വേഴ്‌സസ്‌ താരദാസ്‌, കീര്‍ത്തിചക്ര എന്നീ ചിത്രങ്ങള്‍ ഏഷ്യാനെറ്റ്‌ ഓണത്തിന്‌ പ്രദര്‍ശിപ്പിച്ചപ്പോള്‍ സൂര്യയും ഒട്ടും പുറകില്‍ പോയില്ല.

ജൂലൈ4, ബിഗ്‌ ബി, ചോക്ലൈറ്റ്‌, മായാവി, നിവേദ്യം, ഛോട്ടാമുംബൈ തുടങ്ങിയ ചിത്രങ്ങളായിരുന്നു സൂര്യയുടെ ഓണവിഭവങ്ങള്‍.

അമൃത ടെലിവിഷന്‍ ഒരേ കടലും ഹലോയും ഓണത്തിന്‌ പ്രദര്‍ശിപ്പിച്ചപ്പോള്‍ കൈരളി പോത്തന്‍വാവയുമായി എത്തി. സ്വകാര്യ ചാനലുകള്‍ ഒന്നിനൊന്ന്‌ മത്സരിച്ചപ്പോള്‍ ദൂരദര്‍ശനും ഒട്ടും പുറകില്‍ പോയില്ല, കഴിഞ്ഞ വര്‍ഷം റിലീസ്‌ ചെയ്‌ത അടൂര്‍ഗോപാലകൃഷ്‌ണന്‍ ചിത്രം നാലു പെണ്ണുങ്ങള്‍ ആണ്‌ ദുരദര്‍ശന്‍ പ്രദര്‍ശിപ്പിച്ചത്‌.

തിയേറ്ററുകളില്‍ റിലീസ്‌ ചെയ്‌ത്‌ ഒരു വര്‍ഷം പോലും പിന്നിടാത്ത ചിത്രങ്ങളാണ്‌ സൗജന്യമായി ചാനലുകളിലൂടെ എല്ലാ വീടുകളിലും എത്തിയത്‌. ഓണ ദിവസങ്ങളില്‍ ടെലിവിഷന്‍ റേറ്റിങ്ങ്‌ കുത്തനെ ഉയര്‍ന്നു എന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കണക്കുകള്‍ വരാനിരിക്കുന്നതേയുള്ളു.

പത്തുമിനിറ്റ്‌ സിനിമ, പത്തുമിനിറ്റ്‌ പരസ്യം എന്ന തോതിലാണെങ്കിലും സൂപ്പര്‍സ്റ്റാറുകളെല്ലാം ഒറ്റക്കെട്ടായി വീട്ടില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ എന്തിന്‌ പൈസമുടക്കി സിനിമകാണാന്‍ തിയേറ്ററില്‍ എത്തണം.

സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലാത്ത ഓണത്തിന്‌ റിലീസ്‌ ചെയ്‌ത ചിത്രങ്ങള്‍ക്കും കാര്യമായ പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്‌ അറിയുന്നത്‌.

WEBDUNIA|
ഓണ ദിവസങ്ങളില്‍ ഹൗസ്‌ ഫുള്ളായി പ്രദര്‍ശനം നടക്കാറുള്ള തിയേറ്ററുകളില്‍ ഇക്കുറി ഇരുപത്തിയഞ്ചു ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നത്രേ!.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :