മോഹന്‍ലാലും പ്രിയദര്‍ശനും ഒരു മലയാള ചിത്രത്തിനുവേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന് മലയാളം വെബ്‌ദുനിയ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ വിശദാംശങ്ങളും വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇപ്പോഴിതാ മലയാള സിനിമയിലെ ഈ അത്ഭുത പ്രതിഭകള്‍ ഒന്നിക്കുന്ന സിനിമയ്ക്ക് പേരും ഇട്ടിരിക്കുന്നു. 'അറബീം ഒട്ടകവും പി മാധവന്‍ നായരും' എന്ന രസകരമായ പേരാണ് ഈ മുഴുനീള കോമഡിച്ചിത്രത്തിന്റേത്.
ജാങ്കോ ഫിലിംസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും അബുദാബിയില്‍ ആയിരിക്കും. മാര്‍ച്ച് ഒന്നിന് ചിത്രം ആരംഭിക്കും. ലക്ഷ്മി റായി, ഭാവന എന്നിവരാണ് നായികമാര്‍. മോഹന്‍ലാലിനൊപ്പം മുകേഷ് ആദ്യാവസാനം നിറഞ്ഞുനില്‍ക്കും. രണ്ടര മണിക്കൂര്‍ നേരം ചിരിപ്പിക്കുക എന്ന ലക്‍ഷ്യമാണ് ഈ സിനിമയിലൂടെ പ്രിയദര്‍ശനുള്ളത്. അതുകൊണ്ടുതന്നെ, ലാല്‍ - മുകേഷ് കൂട്ടുകെട്ടിന്‍റെ കോമഡി ആഘോഷമായിരിക്കും ഈ സിനിമയിലുണ്ടാവുക.
മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും അവസാനമായി ഒന്നിച്ചത് കാക്കക്കുയില്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. പുതിയ സിനിമയില്‍ ഇരുവരും തൊഴില്‍രഹിതരായാണ് അഭിനയിക്കുന്നത്. ലാലും പ്രിയനും ഒരുമിക്കുന്ന ഹിന്ദിച്ചിത്രം ‘തേസ്’ പൂര്‍ത്തിയായാലുടന്‍ മലയാള സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ തിരക്കഥ പ്രിയദര്‍ശന്‍ തന്നെയാണ് രചിക്കുന്നത്. ശ്രീനിവാസനും ഈ പ്രൊജക്ടില്‍ സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കാക്കക്കുയില്‍, അക്കരെ അക്കരെ അക്കരെ, വന്ദനം, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, താളവട്ടം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ബോയിംഗ് ബോയിംഗ് എന്നിവയാണ് മോഹന്‍ലാലും പ്രിയദര്‍ശനും മുകേഷും ഒരുമിച്ച സിനിമകള്‍. എല്ലാം വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍ ലാലും പ്രിയനും ഒരുമിച്ച ഏറ്റവുമവസാനത്തെ ചിത്രമായ ‘കിളിച്ചുണ്ടന്‍ മാമ്പഴം’ വന്‍ പരാജയമായിരുന്നു. ശ്രീനിവാസനാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.