അമലാ പോള്‍ തമിഴകത്ത് നമ്പര്‍ വണ്‍ നായികയായി മാറിയിരിക്കുന്നു. ‘വേട്ടൈ’യുടെ വിജയം അമലയുടെ കരിയറില്‍ വലിയ മാറ്റമാണ് വരുത്തിയത്. നടിയുടെ പ്രതിഫലം വര്‍ദ്ധിച്ചതായി വാര്‍ത്തകള്‍ വരുന്നു. വമ്പന്‍ പ്രൊജക്ടുകള്‍, തിരക്കഥ പൂര്‍ണമായും വായിച്ചുനോക്കിയ ശേഷം മാത്രം തെരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഒടുവിലായി, ചെറിയ ചാനലുകള്‍ക്കും ചെറിയ പത്രങ്ങള്‍ക്കും അഭിമുഖം നല്‍കേണ്ടതില്ല എന്ന് അമല പോള്‍ തീരുമാനിച്ചതായും ന്യൂസ് കിട്ടുന്നു.
‘കാതലില്‍ സൊതപ്പുവത് എപ്പടി’ എന്ന പേരില്‍ തമിഴിലും ‘ലവ് ഫെയിലര്‍’ എന്ന പേരില്‍ തെലുങ്കിലും പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ അമലാ പോള്‍ ആണ് നായിക. സിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ അമലയുടെ ജോഡി. ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വലിയ മാധ്യമങ്ങളെ മാത്രം കാണാനാണത്രെ അമല താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്!
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താനും ചാനല്‍ അഭിമുഖങ്ങള്‍ നടത്താനും അണിയറ പ്രവര്‍ത്തകള്‍ പ്രധാന താരങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നുവത്രെ. എന്നാല്‍ ചെറിയ ചാനലുകളുമായുള്ള അഭിമുഖത്തിന് അമലാ പോള്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും അമലയുടെ ഈ നീക്കം മാധ്യമലോകത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.