Last Modified ചൊവ്വ, 15 നവംബര്‍ 2016 (15:18 IST)
വിദേശരാജ്യങ്ങളില്‍ പുലിമുരുകന്‍ മാജിക് തുടരുകയാണ്. വലിയ നോട്ടുകള്‍ അസാധുവാക്കിയതോടെ ഇന്ത്യയില്‍ ചിത്രത്തിന് കളക്ഷന്‍ കുറഞ്ഞെങ്കിലും വിദേശത്ത് ഈ മോഹന്‍ലാല്‍ സിനിമ തകര്‍പ്പന്‍ കളക്ഷനാണ് നേടുന്നത്. മുമ്പ് വിദേശത്ത് തമിഴ് ചിത്രങ്ങളും ഹിന്ദി ചിത്രങ്ങളുമാണ് വന്‍ വിജയങ്ങള്‍ നേടിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതെല്ലാം പുലിമുരുകന്‍ തിരുത്തിയെഴുതുകയാണ്.
യുകെയില്‍ അജിത്,
സൂര്യ തുടങ്ങിയ താരങ്ങളുടെ സിനിമകള്‍ സൃഷ്ടിച്ച കളക്ഷന്‍ റെക്കോര്‍ഡുകളാണ് വൈശാഖിന്‍റെ പുലിമുരുകന്‍ ഈസിയായി മറികടന്നത്. നവംബര്‍ നാലിനാണ് യു കെയില്‍ പുലിമുരുകന്‍ റിലീസായത്. അത്ഭുതാവഹമായ വിജയമാണ് ചിത്രം നേടുന്നത്.
ന്യൂസിലാന്‍ഡിലും ഗള്‍ഫ് റീജിയനിലും പുലിമുരുകന്‍ അസാധാരണമായ വിജയം നേടിയിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് മാത്രം ചിത്രം 50 കോടി കളക്ഷന്‍ നേടുമോ എന്നാണ് മലയാള സിനിമാലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
അതേസമയം, നോട്ട് പിന്‍വലിക്കല്‍ വന്നതിന് ശേഷം കേരളത്തില്‍ പുലിമുരുകന്‍ മാത്രമാണ് ഫുള്‍ ഫോമില്‍ പ്രദര്‍ശനം തുടരുന്നത്. പഴയ രീതിയില്‍ കളക്ഷന്‍ നേടുന്നില്ലെങ്കിലും 80 ശതമാനത്തിലധികം കളക്ഷന്‍ ഇപ്പോഴും പുലിമുരുകന്‍ നേടുന്നുണ്ട്. ചിത്രത്തിന്‍റെ തിയേറ്റര്‍ കളക്ഷന്‍ മാത്രം 100 കോടി പിന്നിട്ടിട്ടുണ്ട്.