1300 ദിവസം പിന്നിട്ട് സിമ്പു-തൃഷ ചിത്രം; രണ്ടാം വരവിലെ വിജയത്തിൽ അമ്പരന്ന് തമിഴകം!

ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം ഇത്തരത്തില്‍ റീ-റിലീസില്‍ വലിയ വിജയം നേടിയ സിനിമകള്‍ നിരവധിയുണ്ട് സമീപകാലത്ത് മാത്രമായി.

നിഹാരിക കെ.എസ്| Last Modified ഞായര്‍, 17 ഓഗസ്റ്റ് 2025 (10:55 IST)
ഇത് റീ-റിലീസുകളുടെ കാലമാണ്. തമിഴ്, മലയാളം ഭാഷകളിലായി നിരവധി സിനിമകളാണ് റീ റിലീസ് ആയിരിക്കുന്നത്. പല ഹിറ്റ് സിനിമകളും പരാജയപ്പെട്ട സിനിമകളും ഈ അടുത്ത കാലത്തായി വീണ്ടും തിയേറ്ററുകളിലെത്തി. ഇതിൽ ചിലത് പരാജയപ്പെട്ടെങ്കിലും ബഹുഭൂരിപക്ഷം സിനിമകളും ഹിറ്റായി. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം ഇത്തരത്തില്‍ റീ-റിലീസില്‍ വലിയ വിജയം നേടിയ സിനിമകള്‍ നിരവധിയുണ്ട് സമീപകാലത്ത് മാത്രമായി.

എന്നാല്‍ ഒരു സിനിമ രണ്ടാം വരവില്‍ 1000 ല്‍ വരം ദിവസം ഒരേ തിയേറ്ററില്‍ ഓടുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? കൃത്യമായി പറഞ്ഞാല്‍ 1300 ദിവസം. 2010 ല്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായ' ആണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ചിമ്പുവും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ സിനിമ സംവിധായകന്റേയും താരങ്ങളുടേയും കരിയറുകളിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. ആദ്യ റിലീസില്‍ തന്നെ വലിയ ഹിറ്റായി മാറാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. കേരളത്തിലും സൂപ്പര്‍ ഹിറ്റായ ചിത്രം 100 ദിവസത്തിലധികം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി 1300 ദിവസം പ്രദര്‍ശിപ്പിക്കപ്പെടുക എന്നത് അവിശ്വസനീയമായൊരു നേട്ടം തന്നെയാണ്. അണ്ണാനഗറിലെ പിവിആര്‍ സിനിമാസിലാണ് സിനിമയുടെ പ്രദര്‍ശനം നടക്കുന്നത്. 1500 എന്ന മാജിക്കല്‍ നമ്പറിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സിനിമ കാണാന്‍ ഇപ്പോഴും ആരാധകര്‍ വന്നു കൊണ്ടിരിക്കുകയാണെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്. അതുകൊണ്ട് തന്നെ 1500 എന്നത് അസാധ്യമായൊരു നമ്പറല്ലെന്നാണ് കരുതപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :