സ്‌കൂളിലെ പ്രണയം, ഒടുവില്‍ വില്ലന്‍ ഷാറൂഖ് ഖാന്‍, കഥ പറഞ്ഞ് ചിരിപ്പിച്ച് വിജയ് സേതുപതി
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (15:13 IST)
സ്‌കൂള്‍ കാല പ്രണയം വെളിപ്പെടുത്തി വിജയ് സേതുപതി.'ജവാന്‍' പ്രി ഇവന്റ് ലോഞ്ചിലെ പ്രസംഗത്തിനിടെയാണ് നടന്‍ മനസ്സ് തുറന്നത്.
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. എന്നാല്‍ അവള്‍ക്ക് എന്റെ ഇഷ്ടത്തെക്കുറിച്ച് അറിവില്ലായിരുന്നു.എല്ലാ ജാനുവിനും ഒരു റാമുണ്ട്. അവള്‍ക്ക് മറ്റൊരാളെ ഇഷ്ടമായിരുന്നു.
അത് ഷാറുഖ് ഖാനെ ആയിരുന്നു എന്ന് വിജയ് സേതുപതി ഷാറുഖിന്റെ മുന്നില്‍ പറഞ്ഞു. വിജയ് സേതുപതി തമിഴില്‍ പറഞ്ഞത് ഷാറുഖിന് ആദ്യം മനസ്സിലായില്ലെങ്കിലും സംവിധായകന്‍ അറ്റ്‌ലി അത് ട്രാന്‍സ്ലേറ്റ് ചെയ്തുകൊടുത്തു. ഉടനെ ഷാറൂക്കിന്റെ മുഖത്ത് ചിരി വന്നു.
എനിക്കു പ്രതികാരം ചെയ്യാന്‍ ഇത്രയും വര്‍ഷങ്ങള്‍ എടുത്തു എന്നാണ് വിജയ് സേതുപതി തമാശ രൂപേണ പറഞ്ഞത്. ഷാറൂക്കിന്റെ മറുപടിയും ഉടനെ തന്നെ ഉണ്ടായി.
'ഇവിടെ എല്ലാവരും തമിഴിലാണ് സംസാരിച്ചത്. വിജയ് സേതുപതി സാര്‍ ഒഴികെ എല്ലാവരും എന്നെക്കുറിച്ച് നല്ലതാണ് പറഞ്ഞതെന്ന് ഉറപ്പുണ്ട്.അദ്ദേഹം പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞു. ഞാന്‍ ഒരു കാര്യം പറയട്ടെ സര്‍, നിങ്ങള്‍ പ്രതികാരം ചെയ്‌തോളൂ, പക്ഷേ എന്റെ പെണ്‍കുട്ടികളെ തൊട്ടുകളിക്കരുത്. അവരെ നിങ്ങള്‍ക്ക് എടുത്തുമാറ്റാനാവില്ല.',-എല്ലാവരെയും ചിരിപ്പിക്കുന്നതായിരുന്നു ഷാറൂഖ് ഖാന്റെ മറുപടി.