Jananayagan Release: സെൻസർ തർക്കത്തിൽ കുടുങ്ങി 'ജനനായകൻ': വിജയ് ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചു, സ്ഥിരീകരിച്ച് നിർമാതാക്കൾ

Jananayagan Release
രേണുക വേണു| Last Modified വ്യാഴം, 8 ജനുവരി 2026 (09:53 IST)
Jananayagan Release: ചെന്നൈ: തമിഴ് സിനിമയുടെ സൂപ്പര്‍ താരം വിജയുടെ അവസാന ചിത്രമായി പ്രഖ്യാപിച്ച 'ജനനായകന്റെ' റിലീസ് മാറ്റിവച്ചു. ജനുവരി 9ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമപരമായ തര്‍ക്കത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് റിലീസ് നീട്ടിയത്.


നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് ഔദ്യോഗികമായി റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പുറത്തുവിട്ടത്.പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ക്കപ്പുറത്തുള്ള സാഹചര്യമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് വ്യക്തമാക്കിയത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വാദം വ്യാഴാഴ്ച പൂര്‍ത്തിയായെങ്കിലും വിധി വെള്ളിയാഴ്ച രാവിലെ മാത്രമേ ഉണ്ടാകൂ എന്ന സാഹചര്യത്തിലാണ് റിലീസ് നീട്ടിയത്.



സെന്‍സര്‍ എക്‌സാമിനിംഗ് കമ്മിറ്റി അംഗം തന്നെയാണ് സിനിമക്കെതിരെ പരാതി നല്‍കിയതെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിക്കുന്നത്. ഡിസംബര്‍ 22ന് അഞ്ചംഗ എക്‌സാമിനിംഗ് കമ്മിറ്റി സിനിമ കാണുകയും ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക സമിതി പരിശോധിക്കേണ്ടതുണ്ടെന്നും സമിതിയിലെ ഒരംഗം തന്നെ പരാതി ഉന്നയിക്കുകയായിരുന്നു.


ഒരു കമ്മിറ്റി അംഗത്തിന്റെ അഭിപ്രായത്തെ പരാതിയായി കാണാനാകില്ലെന്നായിരുന്നു കോടതിയില്‍ നിര്‍മാതാക്കളുടെ വാദം. എക്‌സാമിനിംഗ് കമ്മിറ്റി നിര്‍ദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് രണ്ടാം തവണ സിനിമ പരിശോധനയ്ക്ക് സമര്‍പ്പിച്ചതെന്നും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ ഉത്തരവുണ്ടാകുമെന്ന് സൂചിപ്പിച്ച ജഡ്ജി ഇത്തരം പരാതികള്‍ ആരോഗ്യകരമല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അഭിഭാഷകനോട് പറഞ്ഞ ശേഷമാണ് കോടതിമുറി വിട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :