Marco: ദിവസവും സ്ക്രീനുകൾ കൂടുന്നു, ബേബി ജോണിനെ ചവിട്ടി പുറത്താക്കി ഉത്തരേന്ത്യയിൽ മാർക്കോ തരംഗം, തമിഴ്- തെലുങ്ക് പതിപ്പുകൾ ജനുവരി ആദ്യവാരം

Marco - Unni Mukundan
Marco - Unni Mukundan
അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (14:18 IST)
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗം തീര്‍ത്ത് ഉണ്ണി മുകുന്ദന്‍ സിനിമയായ മാര്‍ക്കോ. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ തമിഴകത്തും പ്രേമലുവിലൂടെ തെലുങ്ക് മാര്‍ക്കറ്റിലും തരംഗം തീര്‍ക്കാന്‍ മലയാള സിനിമയ്ക്കായിരുന്നു. അപ്പോഴും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റ് മലയാള സിനിമയ്ക്ക് അന്യമായിരുന്നു. മാര്‍ക്കോയിലൂടെ ഈ മാര്‍ക്കറ്റാണ് മലയാള സിനിമയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

ജനുവരി 20ന് മലയാളത്തിനൊപ്പം സിനിമയുടെ ഹിന്ദി പതിപ്പും റിലീസ് ചെയ്തിരുന്നു. ഹിന്ദിയില്‍ 50ന് താഴെ സ്‌ക്രീനുകളില്‍ മാത്രമാണ് സിനിമ റിലീസ് ചെയ്തത്. എന്നാല്‍ സിനിമയിലെ മികച്ച ആക്ഷന്‍ രംഗങ്ങളും വയലന്‍സും ഹിന്ദി പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമ ഒരാഴ്ച പിന്നിട്ടതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെയും യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും സഹായത്തില്‍ സ്‌ക്രീനുകള്‍ ഉയര്‍ത്താന്‍ സിനിമയ്ക്കായി. എന്നാല്‍ കഴിഞ്ഞ 3 ദിവസമായി വലിയ തരംഗം തന്നെയാണ് ഹിന്ദി മാര്‍ക്കറ്റില്‍ മാര്‍ക്കോ ഉയര്‍ത്തുന്നത്.


ക്രിസ്മസ് റിലീസായ വരുണ്‍ ധവാന്‍ സിനിമയായ ബേബി ജോണിനെ പല സ്‌ക്രീനുകളില്‍ നിന്നും നീക്കി മാര്‍ക്കോ ബോളിവുഡില്‍ ചുവടുറപ്പിച്ചു. ആദ്യം 140 ഷോകളും അടുത്ത ദിവസം 250 ഷോകളും ഉയര്‍ത്താന്‍ സിനിമയ്ക്കായി. ഇതോടെ ഹിന്ദിയില്‍ നിന്ന് മാത്രം 10-15 കോടി രൂപയാണ് സിനിമ പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു നേട്ടം മലയാള സിനിമയ്ക്ക് ആദ്യമായാണ് ഉണ്ടാകുന്നത്. വരും ദിവസങ്ങളിലും ഷോകള്‍ ഉയര്‍ത്താനാകുമെങ്കില്‍ ഹിന്ദി ബോക്‌സോഫീസില്‍ 50 കോടി എന്ന റെക്കോര്‍ഡും മാര്‍ക്കോയ്ക്ക് അന്യമല്ലെന്ന് ട്രാക്കര്‍മാര്‍ കരുതുന്നു. അതേസമയം സിനിമയുടെ ആഗോള കളക്ഷന്‍ 50 കോടിയും കടന്ന് 100 കോടി എന്ന കളക്ഷന്‍ മാര്‍ക്കിലോട്ട് കുതിക്കുകയാണ്.


സിനിമയുടെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനാണ് റിലീസ് ചെയ്യുന്നത്. തമിഴ് പതിപ്പ് ജനുവരി 3നും റിലീസ് ചെയ്യും. തെലുങ്കിലും തമിഴിലും സ്വീകാര്യത ലഭിക്കുകയാണെങ്കില്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി ഉണ്ണി മുകുന്ദന്‍ സിനിമ മാറും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :