സിനിമാ ചരിത്ര നേട്ടത്തില്‍ ഏറ്റവും ഉയരത്തിലെത്താൻ ഗ്രേറ്റ് ഫാദർ!

ജിസിസിയിലും ഡേവിഡ് നൈനാൻ തന്നെ, പുലിമുരുകന്റെ ആ റെക്കോർഡും തകർത്തു!

aparna shaji| Last Modified വ്യാഴം, 20 ഏപ്രില്‍ 2017 (13:09 IST)
മലയാള സിനിമ ഇതുവരെ കാണാത്ത സ്പീഡ് ആയിരുന്നു ഡേവിഡ് നൈനാന്. റെക്കോർഡുകൾ വാരിക്കൂട്ടാനുള്ള ഓട്ടത്തിലാണോ മമ്മൂക്ക എന്ന് തോന്നിപ്പോകുന്ന വേഗതയും കളക്ഷനും. ഹനീഫ് അദേനി എന്ന പുതുമുഖ സംവിധായകന്റെ ദ എന്ന സിനിമ റിലീസ് ചെയ്ത് 22 ദിവസം കഴിഞ്ഞിട്ടും തേരോട്ടം അവസാനിപ്പിച്ചിട്ടില്ല.

കേരളത്തിലും ഇന്ത്യയിലും റെക്കോർഡുക‌ൾ ഇട്ട് ഗ്രേറ്റ് ഫാദർ ജിസിസിയിലേക്ക് വണ്ടി കയറിയപ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ വാനോളമായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഗ്രേറ്റ് ഫാദറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. കളക്ഷന്റെ കാര്യത്തിലും അതു കാണാനുണ്ട്. ഏപ്രില്‍ 13 നാണ് യുഎഇ/ ഗള്‍ഫ് രാജ്യങ്ങളില്‍ ദ ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളില്‍ 13.38 കോടി അവിടെ നിന്നും ചിത്രം നേടി.

ആദ്യത്തെ നൂറ് കോടി നേടിയ ചിത്രം പുലിമുരുകന്റെ ആദ്യ ദിവസത്തെ പല റെക്കോർഡുകളും മറികടന്ന ഗ്രേറ്റ് ഫാദറിന്റെ അടുത്ത ലക്ഷ്യവും പുലിമുരുകൻ തന്നെ. യുഎഇ, ജിസിസി കളക്ഷന്‍ 33.20 കോടിയാണ് പുലിമുരുകൻ സ്വന്തമാക്കിയത്. യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് പുലിമുരുകന്‍ ഇതോടെ സ്വന്തമാക്കി. ജിസിസി യിലെ പുലിമുരുകന്റെ കളക്ഷനുകൾ തകർക്കാൻ ഡേവിഡ് നൈനാന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളില്‍ 13.38 കോടിയാണ് ഗ്രേറ്റ് ഫാദറിന്റെ ജിസിസി കളക്ഷൻ. കേരളത്തിലെന്ന പോലെ മിഡിലീസ്റ്റ് രാജ്യത്തും മഹാവിജയത്തിലേക്കാണ് ഗ്രേറ്റ് ഫാദർ കടക്കുന്നതെന്നാണ് സൂചന. ജിസിസിയിൽ പുലിമുരുകൻ ഒരാഴ്ച കൊണ്ട് നേടിയ 13.5 കോടി എന്ന ക‌ളക്ഷനും ഗ്രേറ്റ് ഫാദർ തകർത്തിരിക്കുകയാണ്. പുലിമുരുകന്റെ ഉയർന്ന കളക്ഷൻ തകർക്കാൻ ഗ്രേറ്റ് ഫാദറിന് കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ഇപ്പോള്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും മാത്രമാണ് ദ ഗ്രേറ്റ് ഫാദര്‍ കളിയ്ക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ യുഎസ്എ യൂറോപ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ പുലിമുരുകന് പിന്നാലെ ഗ്രേറ്റ് ഫാദറും എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. റിലീസ് ചെയ്ത ഇടങ്ങളിലെല്ലാം ചിത്രം ഇപ്പോഴും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :