'ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? കുടുംബത്തെ നാണം കെടുത്തിയില്ലേ,'; രാജ് കുന്ദ്രയോട് ശില്‍പ ഷെട്ടി

രേണുക വേണു| Last Modified ബുധന്‍, 28 ജൂലൈ 2021 (14:51 IST)

അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായ ബിസിനസുകാരന്‍ രാജ് കുന്ദ്രയോട് അതിരൂക്ഷമായ ഭാഷയിലാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി തുറന്നടിച്ചതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശില്‍പ ഷെട്ടിയുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം താരത്തിന്റെ വീട്ടിലെത്തിയത്. പോണ്‍ വീഡിയോ നിര്‍മാണ കേസില്‍ പ്രതിയായ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയും അന്വേഷണസംഘത്തിനൊപ്പം ഉണ്ടായിരുന്നു. ശില്‍പ്പയുടെ വീട്ടിലെത്തിയ അന്വേഷണസംഘം ഏകദേശം ആറ് മണിക്കൂര്‍ അവിടെ തുടര്‍ന്നു. ശില്‍പ ഷെട്ടിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ഈ സമയത്ത് രാജ് കുന്ദ്രയും ശില്‍പ്പയ്ക്കൊപ്പമുണ്ടായിരുന്നു.

അന്വേഷണസംഘത്തോടൊപ്പം വീട്ടിലെത്തിയ ഭര്‍ത്താവ് രാജ് കുന്ദ്രയോട് ശില്‍പ ദേഷ്യപ്പെട്ടു. വളരെ വൈകാരികമായാണ് ശില്‍പ ഭര്‍ത്താവിനോട് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുപോയത് ശരിയായില്ലെന്ന് ശില്‍പ പറഞ്ഞു. ഇതിന്റെയൊക്കെ എന്തെങ്കിലും ആവശ്യമുണ്ടായിരുന്നോ? കുടുംബത്തെ പൊതുമധ്യത്തില്‍ നാണം കെടുത്തുകയല്ലേ ചെയ്തത് എന്നും രാജ് കുന്ദ്രയോട് പൊലീസിനെ സാക്ഷിനിര്‍ത്തി ശില്‍പ ഷെട്ടി ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഭര്‍ത്താവിനെ ന്യായീകരിക്കുംവിധമാണ് ശില്‍പ അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്. തന്റെ ഭര്‍ത്താവ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് ശില്‍പ ഷെട്ടി പറയുന്നത്. തന്റെ ഭര്‍ത്താവ് ചെയ്തത് നീലച്ചിത്ര നിര്‍മാണമല്ലെന്നും വെറും കാമകല (ഇറോട്ടിക്ക) മാത്രമാണെന്നുമാണ് ശില്‍പ പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. തനിക്ക് ഇതൊന്നുമായി യാതൊരു ബന്ധവുമില്ലെന്നും ശില്‍പ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. രാജ് കുന്ദ്രയുടെ 'ഹോട്ട്ഷോട്ട്സ്' ആപ്പിലോ നീലച്ചിത്ര നിര്‍മാണത്തിലോ താന്‍ ഇടപെട്ടിട്ടില്ലെന്നും ശില്‍പ ഷെട്ടി പറഞ്ഞു. ഹോട്ട്ഷോട്ട്സ് ആപ്പിലെ യഥാര്‍ഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മറ്റ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങള്‍ കൂടുതല്‍ അശ്ലീലസ്വഭാവമുള്ളതാണെന്നും ശില്‍പ സമ്മതിച്ചതായാണ് വിവരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :