Shanthi Krishna: 'ശാന്തി എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ല, നമുക്ക് പിരിയാം', 12 വര്‍ഷത്തിന് ശേഷം ശ്രീനാഥ് പറഞ്ഞു: ശാന്തികൃഷ്ണ
ഓണ്‍ സ്‌ക്രീന്‍ ജോഡി ജീവിതത്തിലും പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.
നിഹാരിക കെ.എസ്|
Last Updated:
തിങ്കള്‍, 18 ഓഗസ്റ്റ് 2025 (18:02 IST)
രണ്ട് തവണ വിവാഹം കഴിച്ചിട്ടും തന്റെ മനസിലുള്ളത് പോലൊരു പങ്കാളിയെ തനിക്ക് കിട്ടിയില്ലെന്ന് നടി ശാന്തി കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. നടന്‍ ശ്രീനാഥ് ആണ് ശാന്തികൃഷ്ണയുടെ ആദ്യ ഭര്‍ത്താവ്. ഓണ്‍ സ്‌ക്രീന്‍ ജോഡി ജീവിതത്തിലും പ്രണയിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ശാന്തികൃഷ്ണ. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട് ശാന്തി കൃഷ്ണ. ആദ്യ വിവാഹ ബന്ധം അവസാനിച്ച ശേഷം ശാന്തികൃഷ്ണ വീണ്ടും വിവാഹിതയാവുകയും ഈ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. എന്നാല്‍ ആ ബന്ധവും ശാശ്വതമായിരുന്നില്ല.
'ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു. ഞങ്ങള്‍ തമ്മില്‍ എന്തൊരു ചേര്‍ച്ചയാണെന്ന് എല്ലാവരും പറയുമായിരുന്നു. പിന്നീട് കാര്യങ്ങള്‍ മാറി മറഞ്ഞു. വിചാരിക്കുന്നത് പോലെയാവില്ലല്ലോ ഓരോന്ന് നടക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം അപ്രതീക്ഷിതമായി അദ്ദേഹം എന്നെ വിളിച്ച് 'ശാന്തി എന്റെ സങ്കല്‍പ്പത്തിലുള്ള ഭാര്യയല്ല, നമുക്ക് പിരിയാം' എന്ന് പറഞ്ഞു.
ശരിക്കും ഞാന്‍ തകര്‍ന്നു പോയി. പല സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങള്‍ നടത്തി നോക്കി. പക്ഷെ ഒന്നും സംഭവിച്ചില്ല. വിവാഹ മോചനത്തില്‍ താന്‍ കരഞ്ഞില്ലെന്നും മരവിച്ചു പോയ അവസ്ഥയായിരുന്നു. വലിയ തിരിച്ചടികള്‍ നേരിട്ട സമയത്ത് ഞാന്‍ കരഞ്ഞിട്ടില്ല. ഒരു തുള്ളി കണ്ണുനീരില്ലാതെ ഇരിക്കുന്ന എന്നെ കണ്ട് അവര്‍ എത്ര ശക്തയായ സ്ത്രീയാണ്, പുഷ്പം പോലെ ഇതൊക്കെ കൈകാര്യം ചെയ്യുന്നത് കണ്ടില്ലേ എന്ന് അത്ഭുതപ്പെട്ടവരുണ്ട്.
സത്യത്തില്‍ മനസ് മരവിച്ചിരുന്ന സന്ദര്‍ഭങ്ങളായിരുന്നു അതെല്ലാം. എന്തുകൊണ്ട് കരച്ചില്‍ വരുന്നില്ല എന്ന് ഞാന്‍ തന്നെ അമ്പരന്നു പോയിട്ടുണ്ട്. ശ്രീനാഥ് പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. ഒരു കുഞ്ഞും ജനിച്ചു. ഇനി മറ്റൊരു വിവാഹം എന്നത് എന്റെ ചിന്തയിലേ ഉണ്ടായിരുന്നില്ല.
പൊടുന്നെ ഒരു നാള്‍ എന്നെ വലിയ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് ഒരാള്‍ വന്നപ്പോള്‍ സ്‌നേഹത്തില്‍ പെട്ടെന്ന് മയങ്ങുന്ന എനിക്ക് എന്തുകൊണ്ട് രണ്ടാമതൊരു ബന്ധം പരീക്ഷിച്ചു കൂടാ എന്ന് തോന്നി. പതിനെട്ട് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചു. രണ്ട് കുട്ടികളും ജനിച്ചു. അതിനപ്പുറം അത് നീണ്ടു നിന്നില്ല', എന്നാണ് താരം പറയുന്നത്.