അഭിറാം മനോഹർ|
Last Modified ശനി, 6 ഡിസംബര്‍ 2025 (17:23 IST)
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നാണ് കിരീടം. സേതുമാധവന്‍ എന്ന യുവാവിന്റെ കൈവെള്ളയില്‍ നിന്നും ജീവിതം ഊര്‍ന്നു പോകുന്നത് ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് നോവ് പകരുന്ന കാഴ്ചയാണ്. മലയാളിയെ ഇന്നും വേട്ടയാടുന്ന സിനിമയായാണ് കിരീടം. ഇതില്‍ മോഹന്‍ലാല്‍- തിലകന്‍ ജോഡിയുടെ പ്രകടനം മലയാളികള്‍ ഒരു കാലത്തും മറക്കാന്‍ സാധ്യതയില്ലാത്തതാണ്.
കിരീടത്തിന് രണ്ടാം ഭാഗമായി ചെങ്കോല്‍ എന്ന സിനിമയും പിന്നീട് റിലീസായിരുന്നു. മോഹന്‍ലാലിന്റെ ഗംഭീരപ്രകടനം എടുത്തുപറയാനുണ്ടെങ്കിലും ചെങ്കോലില്‍ തിലകന്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തിന് സംഭവിച്ച മാറ്റം അന്ന് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല. ചെങ്കോലില്‍ തിലകന്‍ ചെയ്ത കഥാപാത്രത്തെ ദുരന്തപൂര്‍ണ്ണമാക്കി എന്നാണ് തിലകന്റെ മകനായ നടന്‍ ഷമ്മി തിലകനും അഭിപ്രായപ്പെടുന്നത്.
ചെങ്കോല്‍ ആവശ്യമില്ലാതിരുന്ന സിനിമയാണെന്നാണ് ഷമ്മി തിലകന്റെ അഭിപ്രായം. ചെങ്കോലില്‍ അച്ഛന്‍ ചെയ്ത കഥാപാത്രത്തെ അങ്ങേയറ്റം ദുരന്തമാക്കിയെന്നും ഇത് സിനിമ പരാജയപ്പെടാനുള്ള കാരണമായെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ പറഞ്ഞു. ആ സിനിമ തന്നെ അപ്രസക്തമായിരുന്നു. എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ആ കഥാപാത്രത്തെ നേരത്തെ ആത്മഹത്യ ചെയ്യിപ്പിക്കാമായിരുന്നു.
അച്യുതന്‍ നായര്‍ അങ്ങനെയൊക്കെ ചെയ്യുന്ന ഒരാളല്ല. മകള്‍ക്ക് പുറത്ത് കാവല്‍ നില്‍ക്കുന്ന അച്യുതന്‍ നായരെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടായിരിക്കാം ആ സിനിമ വീണുപോയത്.ഷമ്മി തിലകന്‍ പറയുന്നു.