ബലാത്സം​ഗ കേസ്; നടൻ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Siddique
Siddique
നിഹാരിക കെ എസ്| Last Updated: തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (11:55 IST)
തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ നടൻ സിദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി സിദ്ദിഖ് ഇന്ന് പൊലീസിന് മുൻപാകെ ഹാജരായി. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യുക. ഓഫീസിൽ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയിൽ അയച്ചിരുന്നു.
ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാൻ നോട്ടീസ് നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നൽകിയത്. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നൽകിയത്. ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ കത്ത് നൽകിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :