രേണുക വേണു|
Last Modified വെള്ളി, 16 ജനുവരി 2026 (16:22 IST)
ആൾക്കൂട്ടാക്രമണത്തിൽ നിന്നും നടനും സംവിധായകനുമായ ഭാഗ്യരാജ് തന്നെ രക്ഷപ്പെടുത്തിയ അനുഭവം പങ്കുവെച്ച് നടൻ രജനികാന്ത്. സർക്കാരിനെതിരെ സംസാരിച്ചതിന് തന്നെ ജയലളിതയുടെ ആളുകൾ ജീപ്പിൽ കയറ്റി കൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പൊലീസ് സംഭവങ്ങളെല്ലാം കണ്ടുനിന്നുവെന്നും ഇടപെടാൻ മുതിർന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് തനിക്ക് രക്ഷകനായി എത്തിയത് ഭാഗ്യരാജ് ആയിരുന്നുവെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും രജനികാന്ത് പറഞ്ഞു. ഭാഗ്യരാജിന്റെ സിനിമാ ജീവിതത്തിന്റെ അമ്പതു വർഷം ആഘോഷിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഗ്യരാജിനെ എനിക്ക് ജീവിതത്തിൽ മറക്കാൻ സാധിക്കില്ല. 1995ൽ ശിവാജി സാരിന് ഷെവലിയാർ പട്ടം ലഭിച്ചു. അദ്ദേഹത്തെ അനുമോദിക്കാൻ തമിഴ് സിനിമയും സർക്കാരും ചേർന്നൊരു പരിപാടിയൊരുക്കി. മുഖ്യമന്ത്രിയാണ് മുഖ്യാതിഥി. മൂന്ന് ബസിലാണ് ആർട്ടിസ്റ്റുകളെല്ലാം പോകുന്നത്. എല്ലാവരും സംസാരിച്ച ശേഷം നന്ദി പറയാൻ എന്നോട് ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി ജയലളിതയെ കണ്ട് ആവേശം കയറി ഞാനിത്തിരി സംസാരിച്ചു. ദേഷ്യത്തിന് ആയുസ് കുറവാണ്. പക്ഷെ ദേഷ്യത്തിൽ പറയുന്ന വാക്കുകൾക്ക് ആയുസ് വളരെ കൂടൂതലാണ്. അതിനാലാണ് ദേഷ്യം വരുമ്പോൾ സംസാരിക്കുന്ന വാക്കുകൾ അളന്നുമുറിച്ചു വേണമെന്ന് മുതിർന്നവർ പറയുന്നത്. എൻ്റെ വാക്കുകൾ മുഖ്യമന്ത്രിയെ ബാധിച്ചു.
ശിവാജി സാറിന്റെ പരിപാടിയായിരുന്നുവെങ്കിലും അവരുടെ പാർട്ടി പ്രവർത്തകരും അണികളുമെല്ലാം ഉണ്ടായിരുന്നു. ഞാൻ സംസാരിച്ച് ഇരുന്നു. എല്ലാവരുടേയും മുഖത്ത് വല്ലായ്മയുണ്ട്. അത് കഴിഞ്ഞ് ഓപ്പൺ ജീപ്പിൽ കയറി എല്ലാവരേയും അഭിവാദ്യം ചെയ്യണം. എന്നോട് വരേണ്ടെന്ന് ഒന്നു രണ്ടു പേർ പറഞ്ഞു. പക്ഷെ ഞാൻ വരുമെന്ന് പറഞ്ഞ് ജീപ്പിൽ കയറി. ചിലർ കല്ലെറിയുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.ആരാധകർ എന്നെ വളഞ്ഞു. അവർ എന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ തിരക്ക് കൂട്ടുന്നതിനിടെ താരങ്ങൾ വന്ന മൂന്ന് ബസും തിരികെ പോയി. ഞാനുള്ള ജീപ്പ് ഏത് വഴി പോകണമെന്ന് അറിയാത്തവിധം അതിലേയും ഇതിലേയും പോവുകയാണ്. പോകുന്ന വഴിയെല്ലാം എന്റെ തലക്കിട്ട് അടിക്കുകയും പുറത്ത് തല്ലുകയുമൊക്കെ ചെയ്യുന്നുണ്ട്. കൂട്ടത്തിൽ തെറിവിളിയും. വണ്ടി അതിലേയും ഇതിലേയും പോവുകയാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. അപ്പോൾ ഞാനൊരു ശബ്ദം കേട്ടു. എവിടെ പോവുകയാണ് എന്ന് ചോദിച്ചു കൊണ്ട് ഒരാൾ ഓടി വരുന്നു. നോക്കുമ്പോൾ ഭാഗ്യരാജാണ്. അപ്പോൾ അവിടെയൊരു പൊലീസ് ജീപ്പുണ്ടായിരുന്നു. അതിലൊരു എസ്‌ഐയും. അദ്ദേഹം എല്ലാം കണ്ടു കൊണ്ടു നിൽക്കുകയാണ്. മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് സംസാരിച്ചത്. ഇയാളെ സഹായിച്ചാൽ പണി കളയുമോ എന്ന പേടിയായിരിക്കാം. അദ്ദേഹം ഒന്നും ചെയ്യാതെ നിൽക്കുകയാണ്. ഭാഗ്യരാജ് അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. ഒരു കലാകാരനോട് ചെയ്യുന്നത് കണ്ടിട്ടും ഇടപെടാതെ നോക്കി നിൽക്കുകയാണോ? അദ്ദേഹത്തെ പൊലീസ് ജീപ്പിൽ വീട്ടിൽ കൊണ്ടുപോയി വിടൂ എന്ന് പറഞ്ഞു. ഇല്ലെങ്കിൽ നാളെ ഇക്കാര്യം മിഡിയയോട് പറയും, ഫിലിം ഇൻഡസ്ട്രി മുഴുവൻ ഇളകും എന്നും പറഞ്ഞ് വിരട്ടി. അങ്ങനെയാണ് എന്നെ ജീപ്പിൽ നിന്നും ഇറക്കി കൊണ്ടുവരുന്നത്. ഭാഗ്യരാജ് എനിക്ക് വണ്ടി അറേഞ്ച് ചെയ്തു, വീടെത്തിയ ശേഷം വിളിക്കണമെന്നും പറഞ്ഞു.
അന്നത്തെ സംഭവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, രജനികാന്ത് പറഞ്ഞു.