പ്ലാൻ ചെയ്ത് പൈസ തട്ടി, സിനിമയ്ക്ക് പറവ ഫിലിം കമ്പനി ഒരു രൂപ പോലും മുടക്കിയില്ല, മഞ്ഞുമ്മൽ ബോയ്സ് നിർമാതക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ

Manjummel Boys
Manjummel Boys
അഭിറാം മനോഹർ| Last Modified ബുധന്‍, 29 മെയ് 2024 (12:22 IST)
സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതക്കള്‍ക്കെതിരെ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ ആസൂത്രണം ചെയ്തുകൊണ്ടുള്ള തട്ടിപ്പാണ് സിനിമയുടെ നിര്‍മാതാക്കള്‍ നടത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ ഷൂട്ട് തുടങ്ങും മുന്‍പ് തന്നെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി പരാതിക്കാരനെ വിശ്വസിപ്പിച്ചു. 18.65 ചെലവായ സിനിമയുടെ ചിലവ് 22 കോടിയെന്ന് കള്ളം പറഞ്ഞെന്നും വാങ്ങിയ പണത്തിൻ്റെ ഒരു ഭാഗം പോലും പറവ ഫിലിം കമ്പനി പരാതിക്കാരന് നൽകിയില്ലെന്നും ഹൈക്കോടതിയിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള വഞ്ചനയാണ്. സിനിമയുടെ നിര്‍മാണത്തിനായി ഒരു രൂപ പോലും നിര്‍മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ല. 7 കോടിയോളം മുടക്കിയ പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചുനല്‍കിയില്ല. 7 കോടി രൂപ നിക്ഷേപിച്ചാല്‍ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നായിരുന്നു പരാതിക്കാരനുമായി നിര്‍മാണ കമ്പനിയുണ്ടാക്കിയ കരാര്‍. കരാര്‍ 2022 നവംബര്‍ 30ന് ഒപ്പിടുമ്പോള്‍ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായാണ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ മാത്രമാണ് കഴിഞ്ഞിരുന്നത്. പറവ ഫിലിംസിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ട് വഴി വിവിധ വ്യക്തികളില്‍ നിന്നായി 28 കോടി 35 ലക്ഷം രൂപ പ്രതികള്‍ സ്വീകരിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി ഒരു രൂപ പോലും നിര്‍മാതാക്കള്‍ മുടക്കിയിട്ടില്ല.


സിനിമയുടെ റിലീസ് പ്രതിസന്ധിയിലാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചപ്പോള്‍ വിതരണ കമ്പനിയില്‍ നിന്നും 11 കോടി കൂടി പരാതിക്കാരന്‍ ലഭ്യമാക്കി കൊടുത്തിരുന്നു. മൊത്തം കളക്ഷനില്‍ നിന്നും നിര്‍മാതാക്കളുടെ ഓഹരിയായി 45 കോടി ഏപ്രില്‍ 29 വരെ ലഭിച്ചിട്ടുണ്ട്. സാറ്റലൈറ്റ്,ഒടിടി അവകാശത്തില്‍ നിന്നും 96 കോടി പ്രതീക്ഷിക്കുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ധാരണപ്രകാരം 47 കോടി രൂപയാണ് പറവ ഫിലിം കമ്പനി പരാതിക്കാരന് നല്‍കാനുള്ളത്. എന്നാല്‍ 50 ലക്ഷം രൂപയാണ് ഇതുവരെ നല്‍കിയത്. കാന്‍സര്‍ രോഗത്തിന് ചികിത്സ തേടുന്ന പരാതിക്കാരന് 47 കോടി ലഭിക്കാനുണ്ടായിട്ടും ചികിത്സ നടത്താനാകാത്ത സാഹചര്യമാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :