രേണുക വേണു|
Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (13:27 IST)
Padmapriya, Mohanlal, Mammootty
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്ന ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മ ഇപ്പോഴത്തെ ഭരണ സമിതി പിരിച്ചുവിട്ടിരുന്നു. ഭാരവാഹികള്‍ കൂട്ടരാജിവച്ച ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നടി പത്മപ്രിയ രംഗത്ത്. നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി എന്നാണ് ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പത്മപ്രിയ പ്രതികരിച്ചത്.
സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് തറപ്പിച്ച് പറഞ്ഞ പത്മപ്രിയ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോരെന്നും കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയില്ലെന്നാണ് നടി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെ നടി ഒളിയമ്പെയ്യുകയും ചെയ്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ പ്രതികരണത്തില്‍ നിരാശ തോന്നുന്നുവെന്നും പത്മപ്രിയ പറഞ്ഞു. അവരുടെ കാഴ്ചപ്പാട് അവര്‍ മാറ്റുമെന്നാണ് കരുതുന്നതെന്നും, ഒന്നുമറിയില്ലെങ്കില്‍ എല്ലാമറിയാനുള്ള ശ്രമം അവര്‍ നടത്തണമെന്നും പത്മപ്രിയ ആവശ്യപ്പെട്ടു. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട് എന്ന് പത്മപ്രിയ തറപ്പിച്ച് പറയുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. പവര്‍ ഗ്രൂപ്പില്ലെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഈ മറുപടിയുടെ പശ്ചാത്തലത്തിലാണ് പത്മപ്രിയയുടെ പ്രതികരണം കൂടുതല്‍ ചര്‍ച്ചയാകുന്നത്.