നിഹാരിക കെ.എസ്|
Last Updated:
വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (10:28 IST)
മോഹൻലാൽ നായകനായി എത്തിയ ഹൃദയപൂർവ്വത്തിന് മറ്റൊരു നേട്ടം കൂടി. 25 ദിവസങ്ങൾക്ക് ശേഷം സിനിമ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ് വരുമാനവും ചേർന്നുള്ള തുകയാണിത്. ഈ വിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിപ്പ് പങ്കുവെച്ചു.
“വാക്കുകൾക്കതീതമായ നന്ദി; 100 കോടി ക്ലബ്ബിൽ ഹൃദയപൂർവ്വം” എന്ന് കുറിച്ചുകൊണ്ട്, സിനിമയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിച്ചു. ഒടിടി റൈറ്റ്സ് അടക്കമുള്ള തുകയാണിതെന്നാണ് റിപ്പോർട്ട്.
ഹൃദയപൂർവ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങൾ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങൾക്കൊപ്പം കണ്ണുനീർ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകൾക്കതീതമായി നന്ദിയുണ്ട്”, എന്നാണ് മോഹന്‍ലാല്‍ സന്തോഷം പങ്കിട്ട് കുറിച്ചത്.
ഹാട്രിക് ഹിറ്റാണ് മോഹൻലാലിന്. ഈ വർഷം തന്നെ ഇത് മൂന്നാമത്തെ സിനിമയാണ് 100 കോടി ക്ലബിൽ ഇടംപിടിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ, തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം എന്നീ മോഹൻലാൽ ചിത്രങ്ങളാണ് 100 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുന്നത്.