കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 19 ജൂണ്‍ 2024 (11:25 IST)
'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ടൈറ്റില്‍ പോലെ തന്നെ, വര്‍ഷങ്ങള്‍ കഴിഞ്ഞ് മോഹന്‍ലാലും ശ്രീനിവാസനും ഒന്നിക്കേണ്ടിയിരുന്ന സിനിമയായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പ്രായമായ വേര്‍ഷന്‍ ചെയ്യേണ്ടിയിരുന്നത് ലാലും ശ്രീനിവാസനും ആയിരുന്നു. സെക്കന്‍ഡ് ഹാഫ് മുഴുവനും അവര്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ആദ്യത്തെ പ്ലാന്‍ മാറ്റിയതിന് പിന്നിലുള്ള കാരണമെന്താണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
'ആ സിനിമയില്‍ വര്‍ക്ക് ചെയ്ത പലരും അജുവും പ്രണവിന്റെ മേക്കപ്പിനെ കുറിച്ച് പറഞ്ഞിരുന്നു. അത് പ്രണവിന് യോജിക്കുന്നതാണോ എന്ന് സംശയമായിരുന്നു. എന്നാല്‍ അതേസമയം പ്രണവിന്റെ മേക്കപ്പ് ഒക്കെയായ പലരും ഉണ്ടായിരുന്നു. ഏട്ടന് ഒക്കെയായിരുന്നു.
പ്രണവിന്റെ ലുക്കില്‍ എനിക്കും അജുവിനും മറ്റു ചിലര്‍ക്കും സംശയമായിരുന്നു. എന്നാല്‍ ഞാന്‍ ആ കാര്യം ഏട്ടനോട് ഡിസ്‌കസ് ചെയ്തിരുന്നില്ല. ഡയറക്ടര്‍ ആണല്ലോ അത് ഒക്കെ ആക്കേണ്ടത്. ഏട്ടന് അതില്‍ കുഴപ്പമുണ്ടായിരുന്നില്ല. അതുപോലെതന്നെ തുടക്കം മുതല്‍ എന്റെ ലുക്ക് അവസാന വരെ എങ്ങനെ വരും എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. കാരണം ഈ കഥാപാത്രങ്ങള്‍ അച്ഛനും ലാല്‍ അങ്കിളും ചെയ്യേണ്ടതായിരുന്നു. അതായത് സെക്കന്‍ഡ് ഹാഫില്‍ അവരായിരുന്നു ചെയ്യാനിരുന്നത്.
ആദ്യത്തെ പ്ലാന്‍ അനുസരിച്ച് അങ്ങനെയാണ്. അതിനായി ലാല്‍ അങ്കിള്‍ ഡേറ്റ് കൊടുത്തിരുന്നു. അച്ഛന് ഒട്ടും വയ്യാതെ ആയതോടെയാണ് ഈ പ്ലാനില്‍ മാറ്റം വന്നത്. അന്ന് ഈ കഥയില്‍ ചെറിയ മാറ്റമുണ്ടായിരുന്നു. അവര് വരുന്നതിന്റെ മാറ്റങ്ങള്‍ ഉണ്ടായിരുന്നു.',- ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.