കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 4 ജനുവരി 2021 (14:18 IST)
വിജയുടെ 'മാസ്റ്റർ' റിലീസിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ജനുവരി 13-ന് ചിത്രം തിയേറ്ററുകളിലെത്തും. ഇക്കഴിഞ്ഞ ദീപാവലി ദിനത്തിൽ ആരാധകർക്കായി
ടീസർ പുറത്തുവന്നെങ്കിലും
മാസ്റ്റർ ടീമിൽ നിന്ന് പുതിയ അപ്ഡേറ്റിനായി കാതോർത്തിരിക്കുകയാണ് ആരാധകർ. റിലീസ് ചെയ്യുവാൻ ഇനി 9 ദിവസങ്ങൾ മാത്രം ഉള്ളതിനാൽ
ട്രെയിലർ ഉൾപ്പെടെയുള്ളവ വരുംദിവസങ്ങളിൽ പുറത്തു വരും. ഇന്ന് മുതൽ പ്രൊഡക്ഷൻ ഹൗസ് ഹ്രസ്വ പ്രൊമോകൾ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് കോളിവുഡിൽ നിന്ന് ലഭിക്കുന്ന വിവരം. ട്രെയിലറിനായി കാത്തിരിക്കുന്ന ആരാധകർക്ക് ഇതൊരു സന്തോഷ വാർത്തയായി മാറിയിരിക്കുകയാണ്.
നേരത്തെ പുറത്തിറങ്ങിയ മാസ്റ്ററിന്റ 90 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ പ്രേക്ഷകർക്ക് ഒരു മാസ് കൊമേഴ്‌സ്യൽ എന്റർടെയ്‌നർ വാഗ്ദാനം ചെയ്യുന്നു. തമിഴകത്തെ വമ്പൻ താരങ്ങളായ വിജയ് സേതുപതിയും വിജയും ഏറ്റുമുട്ടുന്നത് ടീസറിൽ കാണിച്ചിരുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടേയും വിജയുടെയും വിജയസേതുപതിയുടെയും കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ട്രെയിലറിൽ ഉണ്ടാകും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോൺ ദുരൈരാജ് എന്ന കോളേജ് പ്രൊഫസറായി വിജയ് എത്തുമ്പോൾ വിജയ് സേതുപതി ഒരു ഗ്യാങ്സ്റ്ററായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഭവാനി എന്നാണ് പേര് നൽകിയിരിക്കുന്നത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുമായി ചേർന്ന് എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് മാസ്റ്റർ നിർമ്മിക്കുന്നത്.