BIJU|
Last Modified വ്യാഴം, 23 നവംബര്‍ 2017 (18:54 IST)
മെഗാസ്റ്റാര്‍ നായകനാകുന്ന മാസ് മസാല എന്‍റര്‍ടെയ്നര്‍ ‘മാസ്റ്റര്‍ പീസ്’ ആദ്യ ടീസര്‍ റിലീസായി. ബ്രഹ്മാണ്ഡ സിനിമയ്ക്ക് യോജിച്ച അതിഗംഭീര ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകളും ടീസറില്‍ കാണാം.
എന്നാല്‍ ടീസറില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ‘എഡ്ഡി’യുടെ ഒരൊറ്റ ഡയലോഗ് പോലും ഉള്‍ക്കൊള്ളിച്ചിട്ടില്ല. പകരം ഒരു ടണ്‍ ഭാരത്തിലുള്ള ഇടി ആരാധകര്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം കോളജ് വരാന്തയിലൂടെ സ്റ്റൈലിഷായിട്ടുള്ള എഡ്ഡിയുടെ നടത്തം ഇപ്പോഴേ വൈറലായിക്കഴിഞ്ഞു.
എഡ്ഡിയേക്കുറിച്ച് മുകേഷിന്‍റെ കഥാപാത്രം നല്‍കുന്ന വിശദീകരണം മാത്രം മതിയാകും ആ കഥാപാത്രം എത്രമാത്രം മാസ് ആണെന്ന് മനസിലാക്കാന്‍. “ആളിത്തിരി പെശകാണ്... സൂക്ഷിച്ചോണം...” - എന്നാണ് എഡ്ഡിയെക്കുറിച്ചുള്ള മുകേഷിന്‍റെ മുന്നറിയിപ്പ്. വെറും 45 സെക്കന്‍റ് മാത്രമാണ് ടീസറിന്‍റെ ദൈര്‍ഘ്യം.
മലയാളത്തിന്‍റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാസ്റ്റര്‍ പീസ് മാറുമെന്നാണ് സൂചന. ഈ സിനിമയില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. മാസ് ഡയലോഗുകളും നല്ല പാട്ടുകളും ആവേശമുണര്‍ത്തുന്ന നൃത്തരംഗങ്ങളുമുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണയുടെ തൂലികക്കരുത്തില്‍ ഒരു വമ്പന്‍ ഹിറ്റിന് സാധ്യത തെളിയുകയാണ്.
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല.
ട്രാവന്‍കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!
ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.