പേടിപ്പിക്കാന്‍ മമ്മൂട്ടി, ഹൊറര്‍ ചിത്രം എത്തുന്നത് അഞ്ച് ഭാഷകളില്‍; പുതിയ അപ്‌ഡേറ്റ്

ഭൂതകാലത്തിനു ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഭ്രമയുഗത്തിനുണ്ട്

രേണുക വേണു| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (12:26 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഭ്രമയുഗം എന്നാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര്. ഇന്നുമുതല്‍ ഷൂട്ടിങ് ആരംഭിച്ചതായി മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഭൂതകാലത്തിനു ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഭ്രമയുഗത്തിനുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കി. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.


മലയാളത്തിലെ എക്കാലത്തേയും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് രാഹുല്‍ സദാശിവന്റെ ഭൂതകാലം. അതുകൊണ്ട് തന്നെ രാഹുലിനൊപ്പം മമ്മൂട്ടി കൂടി ചേരുമ്പോള്‍ പ്രതീക്ഷകള്‍ ഇരട്ടിയാണ്. അര്‍ജുന്‍ അശോകന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :