'മലയന്‍കുഞ്ഞ്' വെറുമൊരു കുഞ്ഞ് സിനിമയല്ല,വലിയൊരുവലിയ സിനിമതന്നെയാണ്: ആന്റോ ജോസഫ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ജൂലൈ 2022 (14:18 IST)
ഫഹദിനെ നായകനായി സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത 'മലയന്‍കുഞ്ഞ്' ഇന്നാണ് തീയേറ്ററുകളില്‍ എത്തിയത്. സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.'മലയന്‍കുഞ്ഞ്' വെറുമൊരു കുഞ്ഞ് സിനിമയല്ല,വലിയൊരുവലിയ സിനിമതന്നെയാണെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറയുന്നു.


ആന്റോ ജോസഫിന്റെ വാക്കുകള്‍


ഏറെ നാളത്തെ പ്രയത്നത്തിനും കാത്തിരിപ്പിനും ശേഷം കിട്ടുന്നതിന് മധുരവും തിളക്കവും കൂടും. പ്രിയ സുഹൃത്ത് സജിമോന്റെ പേര് സംവിധായകന്‍ എന്ന വിശേഷണത്തിനൊപ്പം ആദ്യമായി സ്‌ക്രീനില്‍ തെളിയുന്നത് അത്തരം പ്രത്യേകതകളോടെയാണ്. വര്‍ഷങ്ങളായി മലയാളത്തിലെ പല പ്രശസ്ത സംവിധായകരുടെയും കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുണ്ട് സജിമോന്. അദ്ദേഹം സ്വതന്ത്രസംവിധായകനായി കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച നിര്‍മാതാക്കളിലൊരാളാണ് ഞാന്‍. എങ്കിലും എന്തുകൊണ്ടോ അതിന് തുനിഞ്ഞില്ല സജി. ഒരുപക്ഷേ നല്ലൊരു അവസരത്തിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നിരിക്കാം. ഇപ്പോഴിതാ 'മലയന്‍കുഞ്ഞി'ലൂടെ സജിമോന്‍ സംവിധായകനായി അരങ്ങേറുന്നു. ഈ സിനിമ ഇന്ന് തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ അത് സജിയുടെ ക്ഷമയ്ക്ക് കാലം നല്കിയ സമ്മാനമായി മാറുകയാണ്. ഇതില്‍പരം സ്വപ്നസമാനമായ തുടക്കം ഒരാള്‍ക്ക് കിട്ടാനില്ല. ചിത്രം നിര്‍മിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട ഫാസില്‍ എന്ന പാച്ചിക്ക. തിരക്കഥയും ഛായാഗ്രഹണവും ചുരുക്കം സിനിമകളിലൂടെ നമ്മെ അമ്പരപ്പിക്കുകയും കൈയടിപ്പിക്കുകയും ചെയ്ത മഹേഷ് നാരായണന്‍. പ്രധാനവേഷത്തില്‍ ഇന്ത്യന്‍സിനിമയുടെ തന്നെ അഭിമാനതാരങ്ങളിലൊന്നായ ഫഹദ് ഫാസില്‍. തലമുറകളുടെ സംഗമമായി ഒരു സിനിമ. ഇതിനെല്ലാം അപ്പുറം 'മലയന്‍കുഞ്ഞ്' വിശിഷ്ടമാകുന്നത് എ.ആര്‍.റഹ്‌മാന്‍ എന്ന അദ്ഭുതത്തിന്റെ സാന്നിധ്യം കൊണ്ടുകൂടിയാണ്. മൂന്നുപതിറ്റാണ്ടിനുശേഷം ഇന്ത്യയുടെ സംഗീതമാന്ത്രികന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ പാട്ടുകളുറങ്ങുന്ന മലയാളത്തിലേക്ക് മടങ്ങിവരുന്നു. ഇതില്‍പ്പരം എന്ത് നേട്ടമാണ് ആദ്യസിനിമയില്‍ ഒരാള്‍ക്ക് കിട്ടാനാകുക? 'മലയന്‍കുഞ്ഞ്' വെറുമൊരു കുഞ്ഞ് സിനിമയല്ല,വലിയൊരുവലിയ സിനിമതന്നെയാണ്. സജിമോന് എല്ലാ ഭാവുകങ്ങളും....



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :