കാഴ്ച പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 17 വര്‍ഷം; ഞെട്ടലായി നിര്‍മാതാവിന്റെ മരണവാര്‍ത്ത

രേണുക വേണു| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (09:36 IST)

ബ്ലെസി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാഴ്ച പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 17 വര്‍ഷം തികയുന്നു. 2004 ഓഗസ്റ്റ് 27 നായിരുന്നു കാഴ്ചയുടെ റിലീസ്. വളരെ വ്യത്യസ്ത പ്രമേയവുമായി എത്തിയ കാഴ്ച തിയറ്ററുകളില്‍ വലിയ വിജയമായി. അക്കാലത്ത് കാഴ്ച ഒരു പരീക്ഷണ സിനിമയായിരുന്നു. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് സംവിധായകന്‍ ബ്ലെസിക്കും സിനിമയിലെ നായകന്‍ മമ്മൂട്ടിക്കും സംശയമുണ്ടായിരുന്നു. നല്ല സിനിമയ്ക്ക് വേണ്ടി പണം ചെലവഴിക്കാന്‍ ഉറച്ച തീരുമാനവുമായി അന്ന് രംഗത്തെത്തിയത് സേവി മനോ മാത്യുവും നൗഷാദുമാണ്. പാചക വിദഗ്ധന്‍ കൂടിയായ നൗഷാദ് കാഴ്ചയുടെ സഹനിര്‍മാതാവായാണ് സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പിക്കുന്നത്. ഒടുവില്‍ കാഴ്ചയുടെ 17-ാം വാര്‍ഷികത്തില്‍ തന്നെ നൗഷാദ് മരണത്തിനു കീഴടങ്ങി.

കാഴ്ചയ്ക്ക് ശേഷം ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നൗഷാദ് നിര്‍മിച്ചു. ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തി വരികയായിരുന്നു.

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു നൗഷാദിന്റെ അന്ത്യം. 55 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബയുടെ മരണം. നഷ്വ ഏക മകളാണ്. അഞ്ച് മാസം മുമ്പ് നൗഷാദിന് ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉണ്ടായിരുന്നു. പലതരം അസുഖങ്ങള്‍ അദ്ദേഹത്തെ ബാധിച്ചു. നാല് ആഴ്ചയായി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :