Basil Joseph: ആ സിനിമയ്ക്ക് വേണ്ടി ബേസിൽ പാഴാക്കിയത് രണ്ട് വർഷം!

രൺവീർ സിങ്ങിനെ നായകനാക്കി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (08:25 IST)
മലയാളത്തിൽ മികച്ച വിജയം നേടിയ ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളിയ്ക്ക് ശേഷം സംവിധായകൻ ബേസിൽ ജോസഫ് പ്രഖ്യാപിച്ച സിനിമയായിരുന്നു ശക്തിമാൻ. രൺവീർ സിങ്ങിനെ നായകനാക്കി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്.

ബേസിൽ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റമെന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ശക്തിമാൻ. എന്നാലിപ്പോൾ ആ ചിത്രത്തിന് വേണ്ടി ബേസിൽ ജോസഫ് രണ്ട് വർഷം കളഞ്ഞുവെന്ന് പറയുകയാണ് നടനും സംവിധായകനുമായ അനുരാ​ഗ് കശ്യപ്. ബേസിൽ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുരാ​ഗ് കശ്യപ് പറഞ്ഞു.

'ഒരു അവാർഡ് ചടങ്ങിന് പോയപ്പോൾ ഞാൻ സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ കണ്ടു. ബേസിൽ ഒരു മികച്ച നടനാണ്. പൊന്മാൻ, മിന്നൽ മുരളി തുടങ്ങിയ സിനിമകൾ പോലെ സാധാരണ മനുഷ്യരുടെ ഹീറോയായും, വില്ലനായും ഒക്കെ പല വേഷങ്ങളിൽ മികവുറ്റ അഭിനയം കാഴ്ചവയ്ക്കുന്ന ഇതുപോലെ മറ്റൊരു നടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്‌ത ബേസിലിനോട് ഇത് എങ്ങനെ സാധിക്കുന്നു എന്ന് ഞാൻ ചോദിച്ചു. പക്ഷേ ‘ശക്തിമാനു’ വേണ്ടി തന്റെ ജീവിതത്തിലെ വിലയേറിയ രണ്ടു വർഷം പാഴാക്കി എന്നാണ് ബേസിൽ എന്നോട് പറഞ്ഞത്. ‘ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണ് പിടിച്ചുനിൽക്കുന്നത്?’ എന്ന് ബേസിൽ എന്നോട് ചോദിച്ചു.

ഇവിടെ എനിക്ക് തോന്നുന്ന അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നതെന്ന്’ അദ്ദേഹത്തോടു മറുപടിയായി പറഞ്ഞു. ആ മനുഷ്യൻ തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട രണ്ടു വർഷം പാഴാക്കി. ചിരിച്ചു കൊണ്ടാണ് ബേസിൽ എന്നോട് സംസാരിച്ചത്.’’– അനുരാഗ് കശ്യപ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :