Fahad Fasil: 'ആളുകൾക്ക് മടുത്താൽ അഭിനയം നിർത്തും, പിന്നെ ഊബർ ഓടിക്കാൻ പോകും': റിട്ടയർമെന്റ് പ്ലാൻ പറഞ്ഞ് ഫഹദ് ഫാസിൽ

ബാഴ്സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിഹാരിക കെ.എസ്| Last Modified ശനി, 26 ജൂലൈ 2025 (08:56 IST)
പ്രേക്ഷകർക്ക് മടുത്താൽ അഭിനയം നിർത്തുമെന്ന് നടൻ ഫഹദ് ഫാസിൽ. തന്റെ റിട്ടയർമെന്റ് പ്ലാൻ എന്താണെന്ന് പറയുകയാണ് ഫഹദ്. അഭിനയം നിർത്തിയാൽ താൻ ബാഴ്സലോണയിൽ ഒരു ഊബർ ഡ്രൈവറായി ജോലി നോക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ആളുകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിലെ സന്തോഷം വളരെ വലുതാണെന്നും, മറ്റൊരാളുടെ ലക്ഷ്യത്തിന് സാക്ഷിയാകുന്നത് മനോഹരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു അഭിമുഖത്തിൽ ബാഴ്സലോണയിലെ ഊബർ ജോലിയെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന്, തീർച്ചയായും എന്നായിരുന്നു ഫഹദിന്റെ മറുപടി. കുറച്ച് മാസങ്ങൾക്ക് മുൻപ് താനും നസ്രിയയും ബാഴ്സലോണയിലുണ്ടായിരുന്നെന്നും, ആളുകൾക്ക് തന്നെ മടുത്തു കഴിയുമ്പോൾ മാത്രമേ താൻ അങ്ങനെയൊരു ജോലിയെ പറ്റി ചിന്തിക്കുകയൊള്ളു എന്നും അദ്ദേഹം പറഞ്ഞു.

'തമാശയെല്ലാം മാറ്റിവെച്ച് പറയുകയാണെങ്കിൽ ഒരാളെ ഒരിടത്ത് നിന്ന് അവർക്ക് എത്തേണ്ടിടത്ത് എത്തിച്ചുനൽകുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. മറ്റൊരാളുടെ ലക്ഷ്യത്തിന് സാക്ഷിയാകുക എന്നത് മനോഹരമായ കാര്യമാണ്', ഫഹദ് പറഞ്ഞു.

അവസരം കിട്ടുമ്പോഴെല്ലാം താൻ ഇപ്പോഴും വണ്ടി ഓടിക്കാറുണ്ടെന്നും, ഡ്രൈവിങ് തനിക്ക് ഏറെ ഇഷ്ടമുള്ളതും ആസ്വദിക്കുന്നതുമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അത് തനിക്കായി കണ്ടെത്തുന്ന സമയം കൂടിയാണെന്നും ഫഹദ് കൂട്ടിച്ചേർത്തു. ഡ്രൈവിങ് മാത്രമല്ല, ഗെയിമുകൾ, സ്പോർട്സ്, ടിവി കാണൽ തുടങ്ങി ഇഷ്ടമുള്ള കാര്യങ്ങളിൽ നിരന്തരം ഏർപ്പെടുന്നത് ചിന്താഗതിയെയും കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയേയും സ്വാധീനിക്കുമെന്നും ഫഹദ് അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :