പുഷ്പയിലൂടെ തെലുങ്ക് ദേശത്തെ ഞെട്ടിച്ച ഫഹദ് ഇനി ബോളിവുഡിലേക്ക്, ഇംതിയാസ് അലി ചിത്രത്തിൽ നായകൻ!

Imtiaz ali, Fahad Fazil
അഭിറാം മനോഹർ| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (12:08 IST)
Imtiaz ali, Fahad Fazil
ബോളിവുഡ് സിനിമകള്‍ പിന്തുടരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഇംതിയാസ് അലി. ജബ് വി മെറ്റ് എന്ന സിനിമയില്‍ തുടങ്ങി ഹിന്ദി സിനിമയിലെ നിരവധി ക്ലാസിക് ചിത്രങ്ങള്‍ നല്‍കിയ സംവിധായകന്‍ മലയാളത്തിന്റെ ഫഹദ് ഫാസിലിനെ നായകനാക്കി ബോളിവുഡ് ഒരുക്കാന്‍ തയ്യാറാകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനകം തന്നെ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഫഹദ് ഫാസില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഇംതിയാസ് അലി സിനിമയിലൂടെ ബോളിവുഡിലും പ്രേക്ഷകരുടെ മനസില്‍ ഇടം പിടിക്കാനാണ് ഫഹദ് ഫാസിലിന്റെ ശ്രമം. നിരൂപക പ്രശംസയ്‌ക്കൊപ്പം പ്രേക്ഷകര്‍ക്കും സ്വീകാര്യനായ സിനിമകള്‍ ഒരുക്കുന്നതില്‍ ഏറെ മിടുക്കുള്ള ഇംതിയാസ് അലി ഫഹദിനെ ബോളിവുഡില്‍ അവതരിപ്പിക്കുമ്പോള്‍ സിനിമ അഭിനയപ്രാധാന്യമുള്ളതാകുമെന്ന് ഉറപ്പാണ്.

ബോളിവുഡ് സിനിമാ മാധ്യമായ പിങ്ക് വില്ലയാണ് വാര്‍ത്ത പുറത്തുവിട്ടത്. റോക്ക്സ്റ്റാര്‍,ഹൈവേ, ചംകീല, തമാശ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ഇംതിയാസ് അലി ഒരുക്കുന്ന പുതിയ സിനിമ ഒരു പ്രണയ ചിത്രമാകുമെന്നാണ് സൂചന. സിനിമയിലെ നായിക കഥാപാത്രം ആരാകുമെന്ന് ഇതുവരെയും സൂചനകള്‍ ലഭിച്ചിട്ടില്ല. 2025ലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 2025ല്‍ തന്നെ സിനിമയുടെ റിലീസും ഉണ്ടാകും. ഇംതിയാസ് അലിയുടെ പത്താമത്തെ സംവിധായക സംരഭമാകും സിനിമ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :