നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 13 മെയ് 2025 (16:26 IST)
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റിഫൻ പറഞ്ഞ പ്രമുഖ നടൻ താനാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ പരാമർശത്തെ കുറിച്ചാണ് ധ്യാൻ സംസാരിച്ചത്. ലിസ്റ്റിനെ വേദിയിൽ ഇരുത്തി കൊണ്ടാണ് ധ്യാൻ സംസാരിച്ചത്. സിനിമയെ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ടിയുള്ള ഒരു തന്ത്രമായിരുന്നു അതെന്നാണ് ധ്യാൻ പറയുന്നത്.
'ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രമാണ്. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നിർമ്മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ്', എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.
അതേസമയം, പ്രിൻസ് ആൻഡ് ഫാമിലി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ ആയിരുന്നു ലിസ്റ്റിന്റെ പരാമർശം. ”മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും” എന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്.
പിന്നീട് അത് നിവിൻ പോളിയെ കുറിച്ചാണെന്ന പ്രചാരണങ്ങളും എത്തി. എന്നാൽ അത് നിവിനെ കുറിച്ചല്ല എന്ന് ലിസ്റ്റിന്റെ നിർമ്മിക്കുന്ന ബേബി ഗേൾ എന്ന ചിത്രത്തിന്റെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. നിവിനെ കുറിച്ചല്ല താൻ പറഞ്ഞതെന്ന് വ്യക്തമാക്കി ലിസ്റ്റിനും രംഗത്തെത്തിയിരുന്നു. താൻ ആരുടെയും പേര് പറഞ്ഞിട്ടില്ല. എന്നാൽ നടന്റെ ആരാധകർ തനിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് എന്നായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്.