നിഹാരിക കെ.എസ്|
Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (14:23 IST)
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമയാണ് തിര. മികച്ച നിരൂപക പ്രശംസ നേടിയ സിനിമ പക്ഷേ തിയേറ്ററിൽ പരാജയമായിരുന്നു. സിനിമയ്ക്ക് പിന്നീട് വലിയൊരു ഫൻബേസ് ഉണ്ടായി. വിനീതിന്റെ മികച്ച വർക്കുകളിൽ ഒന്നാണ് തിര.
സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ പല സമയത്തായി ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ തിര രണ്ടാം ഭാഗത്തെക്കുറിച്ച് മനസുതുറക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. രണ്ടാം ഭാഗം വലിയ സ്കെയിലിൽ ആണ് എഴുതുന്നതെന്നും വലിയ കോസ്റ്റ് വരുന്ന സിനിമയാകും അതെന്നും ധ്യാൻ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'2013 ൽ തന്നെ തിരയുടെ കാൻവാസ് നല്ല വലുതായിരുന്നു. നാല്-അഞ്ച് സ്റ്റേറ്റുകളിൽ പോയി ഷൂട്ട് ചെയ്തു, മറ്റു ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവന്ന് മൾട്ടിലാംഗ്വേജ് ആയി ഷൂട്ട് ചെയ്ത സിനിമയാണത്. അന്നത്തെ മലയാളി പ്രേക്ഷകർക്ക് വളരെ കാലത്തിന് മുൻപ് വന്ന സിനിമയായി തിര തോന്നി. ഇന്ന് നമ്മൾ എല്ലാ തരം സിനിമകളും നമ്മൾ സ്വീകരിക്കുന്നു.
ഇന്ന് തിരയ്ക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. തിരയ്ക്ക് ഒരു കൾട്ട് പ്രേക്ഷകർ ഉണ്ട് അപ്പോൾ രണ്ടാം ഭാഗം അതിനും മുകളിൽ നിൽക്കണം. രണ്ടാം ഭാഗം വലിയ സ്കെയിലിൽ ആണ് എഴുതുന്നതും ചിന്തിക്കുന്നതും. അതുകൊണ്ട് അതിന്റെതായ സമയം എടുത്ത് പ്രീ പ്രൊഡക്ഷൻ ചെയ്തു മാത്രമേ ആ സിനിമ ചെയ്യാൻ സാധിക്കൂ. വലിയ കോസ്റ്റ് വരുന്ന സിനിമയാകും തിര 2 ', ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ.
നേരത്തെ ചിത്രവുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് വിനീത് പറഞ്ഞിരുന്നു. തുടർന്ന് ആദ്യ ഭാഗത്തിന്റെ എഴുത്തുകാരനായ രാകേഷ് മണ്ടോടിയും ധ്യാനും ചേർന്ന് രണ്ടാം ഭാഗം ചെയ്യാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ശോഭനയുടെ തിരിച്ചുവരവിന് വഴിവെച്ച സിനിമ കൂടിയാണ് തിര. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സിനിമ കൂടിയാണിത്.