ഒരുപാട് സംസാരിക്കില്ല, വളരെ ശാന്തനായ വിദ്യാര്‍ഥി, ആരെ കുറിച്ചും മോശമായി സംസാരിക്കില്ല; ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് പരിശീലകന്‍

രേണുക വേണു| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (10:04 IST)

മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനെ വാനോളം പുകഴ്ത്തി ബോളിവുഡിലെ പ്രമുഖനായ അഭിനയ പരിശീലകന്‍ സൗരഭ് സച്‌ദേവ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സൗരഭ് സച്‌ദേവ ദുല്‍ഖറിനെ കുറിച്ച് സംസാരിച്ചത്.

ദുല്‍ഖര്‍ വളരെ ശാന്തനായ വിദ്യാര്‍ഥിയായിരുന്നു എന്ന് സൗരഭ് പറഞ്ഞു. 'ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലല്ല ദുല്‍ഖര്‍. പക്ഷേ, നല്ല നിരീക്ഷണപാടവമുണ്ട്. ആരെ കുറിച്ചും അദ്ദേഹം മോശമായി സംസാരിക്കില്ല. കാര്യങ്ങള്‍ കണ്ട് മനസിലാക്കി പഠിക്കുന്ന സ്വഭാവം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. അവന്‍ വളരെ ശാന്തനായ, റിലാക്‌സ്ഡ് ആയ ഒരു വിദ്യാര്‍ഥിയായിരുന്നു, ഒരുപക്ഷേ അദ്ദേഹത്തെ വളര്‍ത്തിയെടുത്ത രീതി അങ്ങനെയാവാം, വളര്‍ന്നു വന്ന ലോകം അങ്ങനെയാവാം. അദ്ദേഹത്തിന് അക്രമോത്സുകതയില്ല, ശാന്തതയാണ് മുഖമുദ്ര. ഒരിക്കലും വെറുതേ ഇരിക്കില്ല, എപ്പോഴും സജീവമായി അഭിനയിക്കാന്‍ തയ്യാറായി ഇരിപ്പുണ്ടാവും...' സൗരഭ് സച്‌ദേവ പറഞ്ഞു.

ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, റിച്ച ചദ്ദ, തൃപ്തി തുടങ്ങിയവരുടെ കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തില്‍ പരിശീലനം നല്‍കിയത് സൗരഭാണ്. ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിന്‍ ചെയ്‌തെടുത്തതും സൗരഭ് ആയിരുന്നു. 2018ല്‍ ആകാശ് ഖുറാന സംവിധാനം ചെയ്ത കാര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :