'അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി‍‌'; ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങിയ സംഭവത്തിൽ അജിത്

Ajith
നിഹാരിക കെ.എസ്| Last Modified ശനി, 1 നവം‌ബര്‍ 2025 (14:40 IST)
തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് അജിത്. ആരാധകരുടെ അമിത ആരാധനയോട് ഏറെ എതിർപ്പുള്ള ആളാണ് അജിത്ത്. എപ്പോഴും തന്റേതായ സ്വകാര്യത കാത്തു സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ആളു കൂടിയാണ് അജിത്. ഇപ്പോഴിതാ തന്നെ മാധ്യമങ്ങൾ മോശമായി ചിത്രീകരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അജിത്.

ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അജിത് ഇക്കാര്യം തുറന്നു പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാൻ വന്ന ഒരു യുവാവ് അജിത്തിന്റെയടുത്ത് വന്ന് സെൽഫിയെടുത്തതും പിന്നാലെ അജിത് അയാളുടെ ഫോൺ പിടിച്ച് വാങ്ങിയതും വലിയ വാർത്തയായിരുന്നു.

ഇതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ അജിത്തിനെ വിമർശിച്ചും കുറ്റപ്പെടുത്തിയും നിരവധി പേർ‌ രം​ഗത്തെത്തി. എന്നാൽ ആ സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ‌ ആരും ശ്രമിക്കാറില്ലെന്ന് അജിത് പറഞ്ഞു. "അന്ന് ആ ഇലക്ഷന് ഞാൻ ആ പയ്യന്റെ ഫോൺ പിടിച്ചു വാങ്ങിയതിന്റെ വിഡിയോ എല്ലായിടത്തും പ്രചരിച്ചു.

പല വാർത്താ തലക്കെട്ടുകളിലും എന്നെ വലിച്ചുകീറി. എന്നാൽ ഏതോ ഒരു മീഡിയ മാത്രം ആ വിഡിയോയുടെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു. ആ വിഡിയോ കുറച്ച് സൂം ചെയ്തപ്പോൾ ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും ഇവിടെ പാടില്ല എന്നുള്ള ബോർഡുകൾ അവർ ചൂണ്ടിക്കാണിച്ചു. അവിടെ വെച്ച് ഫോട്ടോയോ വിഡിയോയോ എടുത്താൽ പിഴയടക്കേണ്ടി വരും. ഞാൻ അത് തടയുക മാത്രമേ ചെയ്തുള്ളൂ.

പക്ഷേ, അതൊന്നും ആരും ശ്രദ്ധിച്ചില്ല. അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി മാറി. അവിടെ ഫോട്ടോഗ്രഫിയൊന്നും നടക്കില്ലെന്നും അത് ചെയ്യരുതെന്നും ഞാൻ പറഞ്ഞിട്ടും അയാൾ കേൾക്കാത്തതു കൊണ്ടാണ് അങ്ങനെ റിയാക്ട് ചെയ്യേണ്ടി വന്നത്', അജിത് പറ‍ഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :