നിഹാരിക കെ.എസ്|
Last Modified ശനി, 27 സെപ്‌റ്റംബര്‍ 2025 (09:30 IST)
ഒരു കാലത്ത് മലയാള സിനിമയുടെ സൗഭാഗ്യമെന്ന് കരുതിയിരുന്ന പ്രശസ്തയായ നടി ഇന്ന് അവസരം ചോദിച്ച് നടക്കുന്നുവെന്ന് ഗാനരചയിതാവ് അജീഷ് ദാസൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അജീഷ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ മധ്യവയസ്കയായ ആ നടി ചാൻസ് ചോദിച്ചു നടക്കുകയാണെന്ന് അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ താൻ ഞെട്ടിയെന്ന് അദ്ദേഹം പറയുന്നു.
ഒരു കാലത്ത് മോഹൻലാലിന്റെ ഉൾപ്പെടെ നായികയായിരുന്ന ആ വലിയ താരം സിനിമയിൽ ചാൻസ് ചോദിച്ചു ഏതെങ്കിലും ഒരിടത്ത് കാത്തു നിൽക്കുന്നുണ്ടാവാം എന്നും അജീഷ് കുറിപ്പിൽ പറയുന്നു.
"ഒരു കാലത്ത്, മലയാള സിനിമയുടെ ഏറ്റവും വലിയ സൗഭാഗ്യമെന്നോ, സൗന്ദര്യമെന്നോ ഒക്കെ ലോകം വാഴ്ത്തിയ നടി. നിഷ്കളങ്കമായ ആ ചിരിയിൽ വീണുപോവാത്തവരായി ആരുമുണ്ടാവില്ല. ഇന്ന് അവർ ഒരു നേരം നല്ല ഭക്ഷണത്തിനു പോലും വക ഇല്ലാതെ ചാൻസ് ചോദിച്ചു നടക്കുന്നു. എന്തൊരു ലോകമാണ് ഇത്"- അജീഷ് കുറിച്ചു.
അതേസമയം അജീഷ് പറഞ്ഞ ആ നടി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേക്ഷകർ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടി ഉണ്ണി മേരിയുടെ പേരും നിരവധി പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. ചാർമിള, കനക എന്നീ നടിമാരുടെ പേരുകളും കമന്റ് ബോക്സിൽ ഉയരുന്നുണ്ട്.