Shraddha Kapoor: ഷൂട്ടിനെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നിഹാരിക കെ.എസ്| Last Modified ശനി, 22 നവം‌ബര്‍ 2025 (16:34 IST)
ഷൂട്ടിങ്ങിനിടെ നടി ശ്രദ്ധ കപൂറിന് പരിക്ക്. ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ഈത്ത എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് നടിക്ക് പരിക്കേറ്റത്. നടിയുടെ ഇടതുകാലിലെ കാൽവിരലിന് പൊട്ടലേൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.

മഹാരാഷ്ട്രയിലെ പരമ്പരാഗത നാടോടി നൃത്ത- സംഗീത രൂപമായ ലാവണി അവതരിപ്പിക്കുന്നതിനിടെയാണ് ശ്രദ്ധയ്ക്ക് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. വേഗത്തിലുള്ള താളവും നൃത്തച്ചുവടുകളുമാണ് ലാവണിയുടെ പ്രത്യേകത. ധോൽക്കിയുടെ താളത്തിനൊത്ത് അതിവേഗത്തിൽ തുടർച്ചയായി നൃത്തം ചെയ്യേണ്ട ഭാഗമായിരുന്നു ചിത്രീകരിച്ചിരുന്നത്.

നൗവാരി സാരിയും ഭാരമേറിയ ആഭരണങ്ങളും കമർപട്ടയും ധരിച്ച താരം ബാലൻസ് തെറ്റി വീഴുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രീകരണം നിർത്തിവെക്കാമെന്ന് സംവിധായകൻ നിർദേശിച്ചിരുന്നെങ്കിലും ആദ്യം നടി വിയോജിച്ചു. ഷെഡ്യൂളിൽ മാറ്റം വരുത്തി ക്ലോസപ്പ് രംഗങ്ങൾ ചിത്രീകരിക്കാമെന്ന നിർദേശം നടി മുന്നോട്ടുവെച്ചു.

തുടർന്ന് മുംബൈയിലെ മാഡ് ഐലൻഡിലെ സെറ്റിൽ ചിത്രീകരണം തുടർന്നു. ഇവിടെ ഏതാനും രംഗങ്ങൾ ഷൂട്ട് ചെയ്‌തെങ്കിലും അടുത്ത ദിവസങ്ങളിൽ നടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനാൽ ഷൂട്ടിങ് പൂർണമായും നിർത്തിവെക്കുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ ചികിത്സയിലാണ് കാലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. നടിയുടെ പരിക്ക് പൂർണ്ണമായും ഭേദമായാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :