രേണുക വേണു|
Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (11:21 IST)
Actor TP Madhavan passes away: പ്രമുഖ നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
താരസംഘടനയായ 'അമ്മ'യുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു ടി.പി.മാധവന്‍. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. 600 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മറവി രോഗം ബാധിച്ചതിനു പിന്നാലെയാണ് ടി.പി.മാധവന്റെ ആരോഗ്യനില മോശമാകാന്‍ തുടങ്ങിയത്.
സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, പാണ്ടിപ്പട, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നരസിംഹം, കാക്കക്കുയില്‍, ഗ്രാമഫോണ്‍, പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, ഉദയനാണ് താരം, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവയാണ് ശ്രദ്ധേയമായ സിനിമകള്‍. സ്വാമി അയ്യപ്പന്‍, കടമറ്റത്തു കത്തനാര്‍, എന്റെ മാനസപുത്രി തുടങ്ങിയ ഇരുപതിലേറെ സീരിയലുകളിലും മാധവന്‍ അഭിനയിച്ചിട്ടുണ്ട്.