രേണുക വേണു|
Last Modified വ്യാഴം, 28 ഡിസംബര്‍ 2023 (09:43 IST)
തമിഴ് നടനും ഡിഎംഡികെ പാര്‍ട്ടി സ്ഥാപകനുമായ നടന്‍ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിജയകാന്തിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോഗ്യസ്ഥിതി വഷളാകുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിതനായ വിജയകാന്തിന് കോവിഡ് കൂടി ബാധിച്ചതോടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
' ന്യുമോണിയ ബാധിതനായ ക്യാപ്റ്റന്‍ വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈദ്യസംഘം ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ഡിസംബര്‍ 28 രാവിലെ അദ്ദേഹം വിടവാങ്ങി' ആശുപത്രി പുറത്തുവിട്ട റിലീസില്‍ പറയുന്നു.
നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ അലട്ടിയിരുന്നത്. 154 സിനിമകളില്‍ അഭിനയിച്ച വിജയകാന്തിനെ 'ക്യാപ്റ്റന്‍' എന്നാണ് തമിഴകം വിളിക്കുന്നത്.
ഡിഎംഡികെ പാര്‍ട്ടി സ്ഥാപകനായ വിജയകാന്ത് രണ്ട് തവണ തമിഴ്‌നാട് നിയമസഭയില്‍ അംഗമായിരുന്നു. 2011 മുതല്‍ 2016 വരെ തമിഴ്‌നാട് നിയമസഭയില്‍ വിജയകാന്ത് പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിരുന്നു.