WEBDUNIA|
Last Modified ഞായര്‍, 30 ഓഗസ്റ്റ് 2009 (10:32 IST)
PRO
പോള്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ ഓംപ്രകാശിന്, പ്രശസ്ത സംവിധായകന്‍ വിനയനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ കൂടി ലഭിച്ചിരുന്നുവെന്ന് വാര്‍ത്ത. വിനയന്‍ തന്നെയാണ് കൊച്ചിയില്‍ വച്ച് ഈ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. മലയാള സിനിമയിലെ ചില പ്രമുഖര്‍ തന്നെയാണ് ഓംപ്രകാശിന് ക്വട്ടേഷന്‍ കൊടുത്തതെന്നും ഇതുസംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം വിനയന് ലഭിച്ചത്. എറണാകുളത്തെ ഒരു പബ്ലിക് ബൂത്തില്‍ നിന്ന് പേര് വെളിപ്പെടുത്താത്ത ഒരാളാണ് വിനയനെ മൊബൈലില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം സ്വദേശിയായ, ഉന്നത രാഷ്ട്രീയബന്ധമുള്ള ഒരു സിനിമാക്കാരന്‍ വിനയനെ വധിക്കാന്‍ ഓംപ്രകാശിന് ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്നായിരുന്നു അജ്ഞാതന്‍ വെളിപ്പെടുത്തിയത്.
കുറച്ചുനാളുകളായി ഓംപ്രകാശ് ഇതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളില്‍ ആയിരുന്നുവെത്രെ. മുത്തൂറ്റ് പോള്‍ വധക്കേസില്‍ ഓംപ്രകാശിനെ തിരിച്ചറിഞ്ഞതുകൊണ്ടാണ് ജീവന്‍ നീട്ടിക്കിട്ടിയതെന്നുമാണു വിളിച്ചയാള്‍ വിനയനോടു പറഞ്ഞത്.
വിനയന്‍ കണ്‍ട്രോള്‍ റൂം അസിസ്‌റ്റന്റ് കമ്മിഷണറെ ഈ വിവരം അറിയിക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മാക്‌ട ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റും സംവിധായകനുമായ എം. മോഹനനും ഇക്കാര്യമറിയിച്ചു ഫോണ്‍ വന്നതായി വിനയന്‍ പറഞ്ഞു.
സിനിമാ സംഘടനാ പ്രശ്നവുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ തന്നോട് കഠിനമായ ശത്രുതയുള്ള ആളുകള്‍ ഉണ്ടായിരിക്കാമെന്നും എന്നാല്‍ ആരാണ് ക്വട്ടേഷന് പിന്നിലെന്ന് അറിയില്ലെന്നും പാലാരിവട്ടം പോലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ക്ക് വിനയന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പോള്‍ കൊല്ലപ്പെട്ട എന്‍ഡവര്‍ കാറില്‍ നിന്ന് ഒരു സിനിമാ സംവിധായകന്റെ ചിത്രം ലഭിച്ചിരുന്നു. ഇത് ആരുടേതാണെന്ന് പൊലീസ് വെളിപ്പെടുത്തുകയുണ്ടായില്ല. വിനയന്റെ വെളിപ്പെടുത്തലോടെ ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദം കൂടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പിടികൂടാനുള്ള ചുമതല ഇന്റലിജന്‍സ് എഡിജിപി സിബി മാത്യൂസിനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.