ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ഓസ്കര് അവാര്‍ഡ് ജേതാക്കള്‍ തിരിച്ചെത്തി. എ ആര് റഹ്മാന് ചെന്നൈ വിമാനത്താവളത്തിലും റസുല്‍ പൂക്കുട്ടി മുംബൈ വിമാനത്താവളത്തിലുമായിരുന്നു എത്തിയത്. മുംബൈയില്‍ പൂക്കുട്ടിയെ കാത്ത് ആരാധകരുടെ വന്‍ സംഘം നിലയുറപ്പിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ പൂക്കുട്ടിയെ തുറന്ന വാഹനത്തില്‍ വീട്ടിലേക്ക് ആനയിച്ചു.
തനിക്ക് കിട്ടിയ ഓസ്കര് രാജ്യത്തിന് സമര്‍പ്പിക്കുന്നു എന്ന് പൂക്കുട്ടി പറഞ്ഞു. മലയാളികളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് തനിക്ക് ലഭിച്ച ഈ പുരസ്കാരം. പുരസ്കാരം ലഭിച്ചപ്പോള്‍ ഓംകാരത്തെക്കുറിച്ച് പറഞ്ഞത് താന്‍ അയ്യായിരം വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടാണ്. എല്ലാവരും ഒന്നാണെന്ന തോന്നലാണ് ഈ പുരസ്കാരം ലഭിച്ചപ്പോള്‍ ഉണ്ടായത്. ബ്രാഡ് പിറ്റിന്റെയും സ്റ്റീവന്‍ സ്പീല്ബര്ഗിന്റെയും അഭിനന്ദനം ഒരു ചെറുഗ്രാമത്തില്‍ നിന്നു വന്ന എന്നെ സംബന്ധിച്ച് പ്രതീക്ഷകള്‍ക്കും അപ്പുറത്താണെന്നും റസുല്‍ പൂക്കുട്ടി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 2.30നാണ് എ ആര് റഹ്മാന് ചെന്നൈയില്‍ വിമാനമിറങ്ങിയത്. വന്‍ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധിയും റഹ്മാനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ലോകപ്രശസ്ത ഡ്രമ്മര്‍ ശിവമണിയുടെ നേതൃത്വത്തില്‍ വാദ്യഘോഷത്തോടെയാണ് റഹ്മാനെ ചെന്നൈ സ്വീകരിച്ചത്.
സ്ളംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിനാണ് ഇരുവര്‍ക്കും ഓസ്കര് ലഭിച്ചത്. പശ്ചാത്തല സംഗീതത്തിനും മികച്ച ഗാനത്തിനുമായി റഹ്മാന് രണ്ട് ഓസ്കര് ലഭിച്ചു. ശബ്ദമിശ്രണത്തിനാണ് റസുല്‍ പൂക്കുട്ടിക്ക് ഓസ്കര് ലഭിച്ചത്.