Last Modified വ്യാഴം, 26 നവംബര്‍ 2015 (20:18 IST)
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍. സേതുരാമയ്യര്‍ എന്ന ഇന്‍റലിജന്‍റ് സി ബി ഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ ആ സീരീസിലെ അവസാന സിനിമയുമാകുകയാണ്. ഇനി സേതുരാമയ്യര്‍ നായകകഥാപാത്രമാകുന്ന സിനിമ ഉണ്ടാകില്ല. ഒപ്പം, ഒരു സിനിമയുടെ അഞ്ചുഭാഗങ്ങള്‍ ഉള്ള ഒരേയൊരു പരമ്പരയായി സി ബി ഐ സീരീസ് മലയാളത്തില്‍ എക്കാലവും ജ്വലിച്ചുനില്‍ക്കുകയും ചെയ്യും.
ഇനി സി ബി ഐ സീരീസില്‍ ഒരു സിനിമ ചെയ്യേണ്ടതില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. അഞ്ചാം ഭാഗത്തിനായി എസ് എന്‍ സ്വാമി എഴുതിയ തിരക്കഥ മറ്റേതെങ്കിലും താരത്തെ വച്ച് ചെയ്യാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചതുമാണ്. സുരേഷ്ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ നയകകഥാപാത്രമാക്കി വളര്‍ത്തി ഈ സിനിമ ചെയ്താലോ എന്നുവരെ കെ മധുവും എസ് എന്‍ സ്വാമിയും ചിന്തിച്ചു. എന്നാല്‍ ഒടുവില്‍ മമ്മൂട്ടി തന്നെ ഈ പ്രൊജക്ട് ഏറ്റെടുക്കുകയായിരുന്നു. ഈ ചിത്രം കൂടി ഭംഗിയായി ചെയ്യാമെന്ന് എല്ലാവരും ചേര്‍ന്ന് തീരുമാനമെടുത്തു.
1988ലാണ്
സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.
അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ജഗതി ശ്രീകുമാര്‍ ആ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷും സുരേഷ്ഗോപിയും ഈ ഭാഗത്തില്‍ സഹകരിക്കുമെന്ന് സൂചനയുണ്ട്.