Last Modified വെള്ളി, 3 ജൂണ്‍ 2016 (12:32 IST)
മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ച് ആയി അഭിനയിക്കുന്ന സിനിമയാണ് കരിങ്കുന്നം സിക്സസ്. ജയില്‍ തടവുകാരുടെ വോളിബോള്‍ ടീമിന്റെ കോച്ച് വന്ദനയായാണ് മഞ്ജു വേഷമിടുന്നത്.
വോളിബോള്‍ കോച്ചായി അഭിനയിക്കുന്ന മഞ്ജുവിന് വോളിബോള്‍ പ്രാഗത്ഭ്യമുണ്ടോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. ചിത്രീകരണത്തിനിടയില്‍ സെന്‍ട്രല്‍ ജയിലിലെ കോര്‍ട്ടില്‍ വോളിബോളും കൈയിലേന്തി വന്ന മഞ്ജുവിനോട് സഹതാരമായ ബാബു ആന്റണിക്കും ചോദിക്കാനുണ്ടായിരുന്നത് ഇതേ ചോദ്യമാണ്.
“മഞ്ജു ഇതിനുമുമ്പ് വോളിബോള്‍ കളിച്ചിട്ടുണ്ടോ?”
“വോളിബോള്‍ പോയിട്ട് ഒരു ഓലപ്പന്തുപോലും തൊട്ടിട്ടില്ല” എന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി.
ഈ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് മഞ്ജുവിന്റെയും ആശങ്ക അതുതന്നെയായിരുന്നു. വോളിബോളിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല. എന്നാല്‍ സംവിധായകന് ദീപു കരുണാകരന് കൊടുത്ത ധൈര്യത്തിന്റെ ബലത്തിലാണ് മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി അഭിനയിച്ചത്.
എന്തായാലും വോളിബോള്‍ കോച്ച് വന്ദനയായി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അഭിപ്രായം. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.