Last Modified വ്യാഴം, 29 ഡിസംബര്‍ 2016 (16:53 IST)
മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരുന്നു പുലിമുരുകന്. പീറ്റര്‍ ഹെയ്ന് ഒരുക്കിയ സ്റ്റണ്ട് രംഗങ്ങള്‍ തന്നെയായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. ആ രംഗങ്ങളില്‍ അസാധാരണ വൈഭവം കാഴ്ചവയ്ക്കുകയും ചെയ്തു മോഹന്‍ലാല്‍.
എന്നാല്‍, ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ പുലിമുരുകനെ വെല്ലാനൊരുങ്ങുകയാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.
ജാക്കി ചാന് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള അതിസാഹസികമായ സ്റ്റണ്ട് രംഗങ്ങളാണ് ഗ്രേറ്റ് ഫാദറിന്റെ ക്ലൈമാക്സിനോട് അടുത്ത രംഗങ്ങളില്‍ കാണാനാവുക. കൈകള്‍ പിന്നില്‍ കെട്ടി മമ്മൂട്ടി ഒരു പ്രത്യേക രീതിയില്‍ മിനിറ്റുകളോളം നടത്തുന്ന ആക്ഷന്‍ പ്രകടനം ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് ചിത്രീകരിച്ചത്.
അസാധാരണമായ മെയ്വഴക്കത്തോടെയാണ് മമ്മൂട്ടി ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ ചെയ്തതിന് മുകളില്‍ തനിക്ക് ചെയ്യണമെന്ന മത്സരബുദ്ധിയോടെയും അര്പ്പണത്തോടെയുമായിരിക്കും മമ്മൂട്ടി ഈ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദി ഗ്രേറ്റ്ഫാദര്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. സ്നേഹയാണ് നായിക. അടുത്ത മാസം അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.