മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി 100 ദിവസം തികച്ചു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പഴശ്ശിരാജ മലയാള സിനിമയുടെ ചരിത്രം തന്നെയാണ് തിരുത്തിയെഴുതിയിരിക്കുന്നത്. പഴശ്ശിരാജയുടെ തിയേറ്റര്‍ കളക്ഷന്‍ മാത്രം 17 കോടി രൂപയാണ്. സാറ്റലൈറ്റ് - ഓവര്‍സീസ് കളക്ഷന്‍ കൂടിച്ചേര്‍ത്താല്‍ മുതല്‍മുടക്ക് തിരിച്ചു പിടിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റലൈറ്റ് റൈറ്റാണ് പഴശ്ശിരാജ നേടിയത്. മലയാളത്തിന് പുറമേ തമിഴില്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചതും വിജയകരമായിരുന്നു. ഇനി തെലുങ്ക്, ഹിന്ദി ഭാഷകളില്‍ കൂടി പഴശ്ശിരാജ ഡബ്ബു ചെയ്ത് പുറത്തിറക്കുന്നുണ്ട്. പഴശ്ശിരാജയുടെ അഭൂതപൂര്‍വമായ വിജയകഥ കേട്ടറിഞ്ഞ് വടക്കേ ഇന്ത്യ ഈ സിനിമയുടെ ഹിന്ദി റിലീസിനായി കാത്തിരിക്കുകയാണ്.
കേരളത്തിലെ അഞ്ച് റിലീസിംഗ് കേന്ദ്രങ്ങളില്‍ പഴശ്ശി ഇപ്പോഴും പ്രദര്‍ശിപ്പിച്ചു വരികയാണ്. ഇതിനകം തന്നെ ഒട്ടേറെ അവാര്‍ഡുകളും നേടിയ ചിത്രത്തിന് പല വിദേശ മേളകളിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത ഇതൊന്നുമല്ല. ഈ ചിത്രം വാങ്ങാനായി എച്ച് ബി ഒ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പതിനെട്ട് കോടിയില്‍ അധികം രൂപ മുടക്കി പഴശ്ശിരാജ എച്ച് ബി ഒ വാങ്ങിക്കാനായി ചര്‍ച്ചകള്‍ നടത്തി വരുന്നു. ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഒരു മലയാള സിനിമയ്ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാകും. അതേ സമയം, മമ്മൂട്ടി - എം ടി - ഹരിഹരന്‍ ടീം മറ്റൊരു വമ്പന്‍ സിനിമയുടെ ആലോചനകളിലാണെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.