സിനിമാലോകത്ത് പുതിയ ഒരു താരം ഉയര്‍ന്നുവരുന്നത് പലരെയും അസ്വസ്ഥരാക്കാറുണ്ട്. ഏതെങ്കിലും ഒരു പുതിയ നടന്റെ സിനിമ ഹിറ്റായാല്‍ അയാളുടെ അടുത്ത സിനിമ തകരാന്‍ ആവശ്യമായതെല്ലാം ചെയ്യുന്ന സൂപ്പര്‍സ്റ്റാറുകളുടെ കഥകള്‍ എത്രവേണമെങ്കിലും ഈ രംഗത്തുനിന്ന് ഉദാഹരിക്കാം.
കോളിവുഡില്‍ നിന്നാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ‘കോ’ എന്ന സിനിമയിലൂടെ സൂപ്പര്‍നായക പദവിയിലേക്ക് ഉയര്‍ന്ന ജീവയ്ക്കെതിരെ യംഗ് സൂപ്പര്‍ സ്റ്റാര്‍ ചിലമ്പരശനാണ് രംഗത്തെത്തിയിരിക്കുന്നത്. ഗൌതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നിന്ന് ജീവയെ ഒഴിവാക്കണമെന്നാണ് ചിമ്പു ആര് എസ് ഇന്‍ഫോടെയിന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് കാരണമായി ചിമ്പു പറഞ്ഞത് ആ സിനിമയുടെ കഥ ഗൌതം വാസുദേവ് മേനോന് തന്നോടാണ് ആദ്യം പറഞ്ഞതെന്നാണ്. അവസാന നിമിഷം ഗൌതം തന്നെ ഒഴിവാക്കി ജീവയെ തെരഞ്ഞെടുത്തെന്നും ചിമ്പു പരാതിപ്പെട്ടത്രെ. പക്ഷേ, ചിമ്പുവിന്റെ ആവശ്യം നിര്‍മ്മാണക്കമ്പനി തള്ളിക്കളഞ്ഞു.
എന്നാല്‍ ജീവയെ മാറ്റണമെന്ന് ചിമ്പു ആവശ്യപ്പെട്ടത് കോളിവുഡില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ജീവയുടെ വളര്‍ച്ചയില്‍ ചിമ്പുവിന് അസൂയയായതിനാലാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
‘കോ’യിലേക്ക് സംവിധായകന് കെ വി ആനന്ദ് ആദ്യം നിശ്ചയിച്ചിരുന്നത് ചിമ്പുവിനെയായിരുന്നു. എന്നാല്‍ ആ സിനിമയില്‍ നിന്ന് പിന്മാറുകയാണ് ചിമ്പു ചെയ്തത്. പിന്നീടാണ് ജീവയെ നായകനാക്കിയത്. ചിമ്പുവിന്റെ തീരുമാനം ‘ചരിത്രപരമായ വിഡ്ഢിത്ത’മായെന്ന് പിന്നീട് തെളിഞ്ഞു. കോ ഗംഭീര വിജയമായി.
ഇപ്പോള്‍ ഗൌതം മേനോനും ചിമ്പുവിന് പകരം ജീവയെ തന്റെ ചിത്രത്തില്‍ നായകനാക്കുന്നു. കോളിവുഡിലെ ബ്രഹ്മാണ്ഡ സംവിധായകന് ഷങ്കറിന്റെ ത്രീ ഇഡിയറ്റ്സ് റീമേക്കായ നന്‍പനില്‍ ഒരു നായകന് ജീവയാണ്. മിഷ്കിന്റെ മുഖംമൂടിയിലും നായകന് ജീവ തന്നെ.
ഇത്രയും വമ്പന്‍ പ്രൊജക്ടുകള്‍ ജീവയെ കേന്ദ്രമാക്കി ഒരുങ്ങുമ്പോള്‍ ചിമ്പുവിന് അസൂയ തോന്നുന്നത് സ്വാഭാവികമല്ലേ എന്നാണ് തമിഴകം അടക്കം പറയുന്നത്.