WEBDUNIA|
Last Modified ശനി, 21 ഫെബ്രുവരി 2009 (19:28 IST)
കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അങ്ങനിങ്ങനെയൊന്നും സിനിമകളില്‍ അഭിനയിക്കാറില്ല. നല്ല കഥകളും തിരക്കഥകളും നോക്കി മാത്രം ഡേറ്റുകള്‍ നല്‍കിയാല്‍ മതി എന്ന തീരുമാനത്തിലാണ് ചാക്കോച്ചന്‍. ബിസിനസ് തിരക്കിന്‍റെ ഇടവേളകളിലേക്ക് അദ്ദേഹത്തിന്‍റെ സിനിമാഭിനയം മാറി എന്നു സാരം.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ‘ലോലിപോപ്പ്’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ തിരിച്ചുവന്നത്. എന്നാല്‍ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ചാക്കോച്ചന് കഴിഞ്ഞില്ല. ലോലിപോപ്പ് ബോക്സോഫീസില്‍ മൂക്കും കുത്തി വീണു. സുരേഷ്ഗോപി മടങ്ങി വന്നതുപോലെ ഒരു തകര്‍പ്പന്‍ ഹിറ്റിലൂടെ രംഗപ്രവേശം ചെയ്യാമെന്ന ചാക്കോച്ചന്‍റെ മോഹം വിഫലമായി. എന്നാല്‍ തോറ്റു പിന്‍മാറാനൊന്നും അദ്ദേഹം ഒരുക്കമല്ല.
‘ഗുലുമാല്‍’ എന്നൊരു ചിത്രവുമായി ചാക്കോച്ചന്‍ വീണ്ടും വരികയാണ്. നര്‍മ്മരസപ്രധാനമായ ഒരു കുടുംബചിത്രമാണിത്. വി കെ പ്രകാശാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. തന്‍റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറി ഒരു കോമഡിച്ചിത്രം ചെയ്ത് ഫലിപ്പിക്കാനാണ് പ്രകാശിന്‍റെ ശ്രമം. ജയസൂര്യയും ഈ ചിത്രത്തില്‍ ചാക്കോച്ചനൊപ്പമുണ്ട്.
ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ബിജുക്കുട്ടന്‍ തുടങ്ങി ഹാസ്യതാരങ്ങളുടെ ഒരു വലിയ നിരതന്നെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വൈ രാജേഷാണ് ഗുലുമാലിന് തിരക്കഥ രചിക്കുന്നത്. ഫൌസിയയാണ് ക്യാമറ.
മേയ് രണ്ടാം വാരം ഗുലുമാലിന്‍റെ ചിത്രീകരണം ആരംഭിക്കും. വി കെ പ്രകാശിന്‍റെ ചിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കുഞ്ചാക്കോ ബോബന്‍ നായകനാകുന്നത്. മുല്ലവള്ളിയും തേന്‍മാവും എന്ന ആദ്യചിത്രം പരാജയമായിരുന്നു.