അമിതാഭിനൊപ്പം ഷാരൂഖും

WEBDUNIA|

അമിതാഭ്‌ ബച്ചനും ഷാരൂഖാനും തമ്മിള്‍ ശീതയുദ്ധം നിലനില്‍ക്കുന്നു എന്ന വാര്‍ത്തയില്‍ കഴമ്പുണ്ടോ? ഇന്ത്യന്‍ പരസ്യവിപണിയെ രണ്ടായി വിഭജിച്ചെടുക്കുന്ന ഈ ബോളീവുഡ്‌ രാജാക്കന്മാര്‍ രണ്ടു തട്ടിലാണെന്ന പ്രചരണം മറ്റൊരു മാധ്യമ ഗുണ്ടാണോ. മകന്‍ അഭിഷേകിന്‍റെ കല്യാണത്തിന്‌ ബച്ചന്‍ ഷാരൂഖാനെ ക്ഷണിക്കാതിരുന്നത്‌ ഈ ശീതയുദ്ധത്തിന്‍റെ ഭാഗമായാണെന്നായിരുന്നു മാധ്യമങ്ങളുടെ നിരീക്ഷണം.

‘കഭി അല്‍ വിദ നാ കെഹ്‌ന’ക്ക്‌ ശേഷം ഇരുവരും ഒന്നിച്ച്‌ സിനിമയില്‍ അഭിനയിക്കാന്‍പോകുന്നു എന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നു.

രവിചോപ്രയുടെ ‘ഭൂത്നാഥ്‌’ എന്ന ചിത്രത്തില്‍ ഒന്നിച്ച്‌ അഭിനയിക്കാന്‍ ഇരുവരും കരാറില്‍ ഒപ്പിട്ടെന്നാണ്‌ വാര്‍ത്ത. ഒരു മനുഷ്യന്‍റെ പുറകേ കൂടുന്ന കുഴപ്പക്കാരനല്ലാത്ത ഭൂതത്തിന്‍റെ കഥയാണ്‌ ‘ഭൂത്നാഥ്’. ഭൂതത്തെയാണ്‌ ബച്ചന്‍ അവതരിപ്പിക്കാന്‍ പോകുന്നത്‌.

മാധ്യമങ്ങളില്‍പടരുന്ന ശീതയുദ്ധവാര്‍ത്തകള്‍ ഇരുവരും പലപ്പോഴായി തള്ളി കളഞ്ഞിട്ടുണ്ട്‌. ഇരുവര്‍ക്കും ഒന്നിച്ച്‌ അഭിനയിക്കാന്‍ വളരെ വലിയ താത്പര്യമാണുള്ളതെന്നാണ്‌ രവി ചോപ്രയെ ഉദ്ധരിച്ചുകൊണ്ട്‌ ഏഷ്യന്‍ ഏജ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇരുവര്‍ക്കും ഒഴിവുള്ള സമയം സിനിമയ്ക്കായ്‌ കണ്ടെത്താനാണ്‌ ചോപ്രക്ക്‌ കിട്ടിയിരിക്കുന്ന നിര്‍ദേശം.

നാല്‍പത്തി ഒന്നുകാരനായ ഷാരൂഖാനും അറുപത്തിയഞ്ചുകാരനായ ബച്ചനും തമ്മില്‍ സിനിമയിലും പരസ്യ രംഗത്തും വന്‍ കിടമത്സരം നിലനില്‍ക്കുന്നു എന്നാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍. ബച്ചന്‍ അവതരിപ്പിച്ചിരുന്ന ‘കോന്‍ ബനേഗ കോര്‍പതി’ എന്ന ക്വിസ്‌ പരിപാടി ഇപ്പോള്‍ വന്‍ജനകീയ പിന്‍തുണയോടെ ഷാരൂഥഖാനാണ്‌ അവതരിപ്പിക്കുന്നത്‌. ബച്ചന്‍റെ വിഖ്യാത ചിത്രമായ ‘ഡോണ്‍’ അടുത്തിടെ പുനരവതരിപ്പിച്ചപ്പോള്‍ ഷാരൂഖായിരുന്നു നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :