ഷാജി കൈലാസ് വീണ്ടും ഗര്‍ജ്ജിക്കുന്നു

WEBDUNIA|
രണ്ടിലധികം വര്‍ഷങ്ങളായി ഷാജി കൈലാസ് ഫോമിലല്ലെന്നാണ് അദ്ദേഹത്തിന്‍റെ കടുത്ത ആരാധകര്‍ പോലും പറയുന്നത്. സംവിധാനം ചെയ്യുന്ന ചിത്രങ്ങളൊന്നും പഴയപോലെ ഏശുന്നില്ല. നരസിംഹമോ ആറാം തമ്പുരാനോ കമ്മീഷണറോ കിംഗോ സൃഷ്ടിച്ച ഇടിമുഴക്കത്തിന്‍റെ നാലിലൊന്നു പോലും തിയേറ്ററുകളില്‍ സൃഷ്ടിക്കാന്‍ ഷാജിക്ക് കഴിയുന്നില്ല. എന്നാല്‍ ഈ വര്‍ഷം അങ്ങനെയാകില്ലെന്നാണ് സൂചന.

മോഹന്‍ലാല്‍ നായകനാകുന്ന റെഡ് ചില്ലീസ് ആണ് ഈ വര്‍ഷം തുടക്കത്തില്‍ തിയേറ്ററുകളിലെത്തുന്ന ഷാജി ചിത്രം. മോഹന്‍ലാലും ഒമ്പതോളം നായികമാരും അണിനിരക്കുന്ന ഈ സിനിമയുടെ തിരക്കഥ എ കെ സാജനാണ് രചിച്ചിരിക്കുന്നത്. ചിന്താമണി കൊലക്കേസിന് ശേഷം ഷാജിയും സാജനും ഒന്നിക്കുന്ന സിനിമയാണിത്. ഒരു സ്റ്റൈലിഷ് ചിത്രമെന്നാണ് റെഡ് ചില്ലീസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

സാജന്‍റെ തന്നെ തിരക്കഥയില്‍ മമ്മൂട്ടി, പൃഥ്വിരാജ് പ്രൊജക്ടുകളും ഈ വര്‍ഷം ഷാജി ആലോചിക്കുന്നുണ്ട്. ഇവയിലെല്ലാം വ്യത്യസ്തമായ കഥകളും പശ്ചാത്തലവുമാണ് സ്വീകരിച്ചിരിക്കുന്നത്. രാജേഷ് ജയരാമനും ചില തിരക്കഥകളുമായി ഷാജിയെ സമീപിച്ചിട്ടുണ്ടെന്നറിയുന്നു. രാജേഷിന്‍റെ മുന്‍ തിരക്കഥകളായ ടൈം, ബൂട്ട് തുടങ്ങിയവ ഷാജി ചെയ്തെങ്കിലും പരാജയമായിരുന്നു വിധി.

മികച്ച തിരക്കഥയില്ലായ്മയാണ് ഷാജി കൈലാസിനെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം. രണ്‍ജി പണിക്കര്‍, രഞ്ജിത് എന്നിവര്‍ ഷാജിയോടൊപ്പം നിന്നപ്പോഴാണ് മികച്ച ആക്ഷന്‍ ചിത്രങ്ങള്‍ പിറവിയെടുത്തത്. പിന്നീട് എസ് എന്‍ സ്വാമിയും ബി ഉണ്ണികൃഷ്ണനുമൊക്കെ ഷാജി കൈലാസിന് പിന്തുണ നല്‍കിയെങ്കിലും പഴയ ചൂടും ആവേശവും പ്രേക്ഷകരില്‍ ഉണര്‍ത്താന്‍ പോകുന്ന സൃഷ്ടികളായില്ല അവയൊന്നും.

കെട്ടുറപ്പുള്ള തിരക്കഥയും മികച്ച സംഭാഷണങ്ങളുമുണ്ടെങ്കില്‍ തന്‍റെ സ്വതസിദ്ധമായ മേക്കിംഗ് ശൈലിയിലൂടെ മെഗാഹിറ്റുകള്‍ തീര്‍ക്കാന്‍ കഴിവുള്ള സംവിധായകനാണ് ഷാജി കൈലാസ്. അങ്ങനെയൊരു തിരക്കഥാകാരനെ പുതുവര്‍ഷത്തിലെങ്കിലും ഷാജിക്ക് കൂട്ടായി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :