ശോഭനയ്ക്ക് 43 തികഞ്ഞു

PROPRO
മലയാളികള്‍ എന്നും മനസില്‍ താലോലിക്കുന്നവയാണ് ശോഭന നായികയായ ചിത്രങ്ങള്‍. മലയാളിപ്രേക്ഷകര്‍ക്ക് ഒരിക്കലും മടുക്കാത്ത സാന്നിധ്യമാണ് അവര്‍. നല്ല കഥാപാത്രങ്ങള്‍ തേടിയെത്തുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ അവര്‍ സിനിമയില്‍ അഭിനയിക്കുന്നത്. നൃത്തത്തില്‍ കൂടുതല്‍ സജീവമായിരിക്കുന്നു. ശോഭനയുടെ നാല്‍‌പത്തിമൂന്നാം ജന്‍‌മദിനമാണ് ഇന്ന്. എന്നാല്‍ ഏതു യുവതാരത്തിനുമൊപ്പം നായികയാവാനുള്ള പ്രസരിപ്പ് ഇപ്പോഴും ശോഭനയ്ക്ക് സ്വന്തം.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊക്കെ ഒരുകാലത്ത് സ്ഥിരം നായിക ശോഭനയായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പക്വതയാര്‍ന്ന അഭിനയപ്രകടനങ്ങളാണ് ശോഭന കാഴ്ചവച്ചത്.

മോഹന്‍ലാല്‍ - ശോഭന കൂട്ടുകെട്ട് മലയാള സിനിമയിലെ ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മയാണ്. ഇവര്‍ ഒന്നിച്ച സിനിമകളൊക്കെ വമ്പന്‍ ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിച്ചവയാണ്.

ടി പി ബാലഗോപാലന്‍ എം എ, കുഞ്ഞാറ്റക്കിളികള്‍, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, തേന്‍‌മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ്, പവിത്രം, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം തുടങ്ങിയവയാണ് മോഹന്‍ലാലും ശോഭനയും ഒന്നിച്ച പ്രധാന ചിത്രങ്ങള്‍. ഇപ്പോള്‍ സാഗര്‍ ഏലിയാസ് ജാക്കിയിലും മോഹന്‍ലാലിനൊപ്പം ശോഭനയെത്തുന്നു.

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ജയറാമിനൊപ്പമാ‍ണ് ശോഭന വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചത്. ധ്വനി, അപരന്‍, ഇന്നലെ, കണ്‍‌കെട്ട്, മേലേപ്പറമ്പില്‍ ആണ്‍‌വീട്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, അരമനവീടും അഞ്ഞൂറേക്കറും, സൂപ്പര്‍മാന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശോഭന ജയറാമിന്‍റെ നായികയായി.

മമ്മൂട്ടിക്കൊപ്പവും മികച്ച കുറെ ചിത്രങ്ങളില്‍ ശോഭന അഭിനയിച്ചു. ഈ ശബ്ദം ഇന്നത്തെ ശബ്ദം, കാണാമറയത്ത്, യാത്ര, അനന്തരം, വിചാരണ, മുക്തി, ചരിത്രം, കളിക്കളം, പപ്പയുടെ സ്വന്തം അപ്പൂസ്, വിഷ്ണു, മഴയെത്തും മുന്‍‌പേ, ഹിറ്റ്ലര്‍, കളിയൂഞ്ഞാല്, വല്യേട്ടന്‍ തുടങ്ങിയവയാണ് മമ്മൂട്ടി - ശോഭന ടീമിന്‍റെ ശ്രദ്ധേയമായ സിനിമകള്‍.

രജനീകാന്തിന്‍റെ നായികയായി മണിരത്നം ചിത്രമായ ദളപതിയിലും മികച്ച പ്രകടനമാണ് ശോഭന കാഴ്ച വച്ചത്. ഏപ്രില്‍ 18 എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിലൂടെ സിനിമയില്‍ നായികയായി അരങ്ങേറിയ ശോഭന അഭിനയത്തിന്‍റെ ഇരുപത്തഞ്ച് വര്‍ഷം പിന്നിടുമ്പോഴും ഇന്ത്യന്‍ സിനിമയിലെ ജ്വലിക്കുന്ന നക്ഷത്രമായി തുടരുകയാണ്.

WEBDUNIA|
മണിച്ചിത്രത്താഴിലെയും മിത്ര് മൈ ഫ്രണ്ടിലെയും അഭിനയത്തിന് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ ശോഭനയെ തേടിയെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :